റോം: സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തിയാണ് കത്തോലിക്ക കോൺഗ്രസെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ലോകമെമ്പാടുമുള്ള സീറോ മലബാർ സഭയുടെ വിശ്വാസികളെ ഒന്നിപ്പിച്ച് ഒരു ജനതയാക്കി മാറ്റാനും, ആധുനിക കാലത്തെ സങ്കീർണ സാഹചര്യങ്ങളിൽ സഭയ്ക്കും സമുദായത്തിനും വിശ്വാസാധിഷ്ഠിത നേതൃത്വം നൽകാനും കത്തോലിക്ക കോൺഗ്രസിന് വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോമിൽ ആരംഭിച്ച കത്തോലിക്ക കോൺഗ്രസിന്റെ മൂന്നാമത് ആഗോള സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇൻഞ്ചനാനി ആമുഖ സന്ദേശം നൽകി. തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സമുദായത്തെ ലോകവ്യാപകമായി കോർത്തിണക്കുന്നതിൽ സംഘടന നൽകുന്ന സേവനങ്ങൾ അവിസ്മരണീയമാണെന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്തു. സഭയുടെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വരുംകാലങ്ങളിൽ കത്തോലിക്ക കോൺഗ്രസ് മുൻനിരയിൽ നിന്ന് നേതൃത്വം നൽകണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസ് കല്ലുവേലിൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോയി ആലപ്പാട്ട്, മാർ ജോൺ നെല്ലിക്കുന്നേൽ, മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപു ജോൺ ജോസഫ് തുടങ്ങിയവർ ആശംസകൾ നേർന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 പ്രതിനിധികളാണ് ഈ ആഗോള സംഗമത്തിൽ പങ്കെടുക്കുന്നത്. വിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ദേശീയ പതാകകൾ വേദിയിലെത്തിച്ചതിനെ തുടർന്ന് സമ്മേളന നഗരിയിൽ പതാക ഉയർത്തിയതോടെയാണ് പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായത്.
രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാൻ ഡോ. ഫ്രാൻസിസ് ക്ലീറ്റസ്, മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചീഫ് എഡിറ്റർ ഫാ. ഡോ. ജോർജ് കുടിലിൽ തുടങ്ങിയവരും ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Tags : Catholic Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash