സിജെപി നേതാക്കളായ അശുതോഷ് റാങ്കെ, സൗരവ് ദാസ്
ന്യൂഡൽഹി: ജുഡീഷ്യൽ കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സിജെപി. അടിയന്തരമായി രാത്രികാല വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടാണ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
ദസറ അവധി കാരണം ഹൈക്കോടതി അവധിയായ ഈ ആഴ്ചയിൽ, രാത്രികാല സിറ്റിംഗിനായി ഇവർ അടിയന്തര ഹർജി സമർപ്പിക്കുകയായിരുന്നു. സൗരവ് ദാസും അശുതോഷ് റാങ്കയും രാഷ്ട്രീയ പകപോക്കലിന്റെ പേരിൽ ജയിലിൽ ഒരു മിനിറ്റ് പോലും കഴിയരുതെന്നും, നീതി വൈകരുതെന്നും സിജെപി നിയമകാര്യ വിഭാഗം തലവയായ രത്ന സിംഗ് എക്സിൽ കുറിച്ചു. ജാമ്യനടപടികൾ ബോധപൂർവം വൈകിപ്പിക്കാനാണ് പൊലിസ് ശ്രമിക്കുന്നതെന്നും പാർട്ടി ആരോപിച്ചു.
നിരോധിക്കപ്പെട്ട പ്രതിഷേധ വേദിയായ ജന്തർമന്തറിലേക്ക് അടച്ചിട്ട ഗേറ്റ് ചാടിക്കടന്നു കയറിയെന്നാരോപിച്ച് ഒക്ടോബർ 13-നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. തുടർന്നുള്ള അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി പൂർത്തിയായതിനെ തുടർന്ന് മന്ദിർ മാർഗ് പൊലിസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇരുവരുടെയും കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
ജന്തർ മന്തറിലേക്ക് അതിക്രമിച്ചു കയറി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുദ്രാവാക്യം വിളിക്കുകയും ദേശീയ പതാക ഉയർത്തുകയും ചെയ്തതിന് പിന്നാലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Tags : SauravDas Saurav Das Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash