വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്
വാഷിംഗ്ടൺ: നെതന്യാഹുവിനെ വീണ്ടും ഇസ്രയേൽ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുന്നതിനെ പിന്തുണയ്ക്കില്ലെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. യുഎസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നിലപാട് പരസ്യമാക്കിയത്.
"ഞാൻ അമേരിക്കൻ സ്ഥാനാർത്ഥികളെയാണ് പിന്തുണയ്ക്കുന്നത്, മിഡ്ടേം തെരഞ്ഞെടുപ്പുകളിലാണ് എന്റെ ശ്രദ്ധ. അതിനാൽ ഇസ്രയേൽ തെരഞ്ഞെടുപ്പുകളിൽ ഞാൻ ഇടപെടുന്നില്ല" എന്ന് വാൻസ് പറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷം ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വാൻസ് പങ്കെടുത്തിരുന്നു.
അമേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങളെ പരസ്യമായി എതിർത്ത ചില ഇസ്രയേൽ മന്ത്രിമാരുടെ നടപടികളെ വാൻസ് നേരത്തെ വിമർശിച്ചിരുന്നു. ഇസ്രയേലിനെ സംരക്ഷിക്കുന്ന പ്രതിരോധ ആയുധങ്ങളിൽ ഭൂരിഭാഗവും അമേരിക്കൻ പണംകൊണ്ട് നിർമിച്ചതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇറാനുമായുള്ള യുദ്ധത്തിൽ ഇസ്രയേലിന്റെ സമീപനങ്ങളെയും വാൻസ് ചോദ്യം ചെയ്തിരുന്നു. യുദ്ധം അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഇസ്രയേലിലെ ചില കേന്ദ്രങ്ങൾ അമേരിക്കൻ പൊതുവികാരത്തെ സ്വാധീനിക്കാൻ ശ്രമിച്ചതായി അദ്ദേഹം ആരോപിക്കുകയുണ്ടായി.
ഡോണൾഡ് ട്രംപ് നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് വാൻസിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്. ഇത് റിപ്പബ്ലിക്കൻ ജൂത സമൂഹത്തിനിടയിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയായിട്ടുണ്ട്.
Tags : J.D.Vance VicePresident J.D. Vance Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash