പ്രതീകാത്മക ചിത്രം
റാഞ്ചി: ജാർഖണ്ഡിലെ സെറായ്കേല-ഖാർസവാൻ ജില്ലയിൽ ഭക്ഷണം കിട്ടാൻ വൈകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാംഗോ സ്വദേശി ശേഖർ തിർക്കിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പൂജാ പന്തലിൽ ലൈറ്റ് ഇടുന്ന ജോലിക്ക് എത്തിയതായിരുന്നു ശേഖറും സുഹൃത്തുക്കളും. ബുധനാഴ്ച പുലർച്ചെ ഒന്നിന് ശേഖറും സുഹൃത്ത് ഗോലുവും ഫുഡ് സ്ട്രീറ്റിലെ ഒരു ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാനെത്തി. തുടർന്ന് ഓർഡർ ചെയ്ത ഭക്ഷണം ലഭിക്കാൻ വൈകിയതിനെത്തുടർന്ന് ശേഖർ കടയുടമയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഒടുവിൽ ഓർഡർ റദാക്കാൻ ഇവർ ആവശ്യപ്പെട്ടതോടെ കടയുടമയും ജീവനക്കാരും പ്രകോപിതരായി.
തുടർന്ന് ജീവനക്കാർ ഇരുവരെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. സംഘർഷം തടയാൻ ഇടപ്പെട്ട നാട്ടുകാരായ സാഗർ ഝാ, അരുൺ പാണ്ഡെ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ നാല് പേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ശേഖർ മരണത്തിന് കീഴടടങ്ങുകയായിരുന്നു. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Murder Argument Food Stab Death