പ്രതീകാത്മക ചിത്രം
ലണ്ടൻ: ലണ്ടനിലെ ഗൂഗിൾ ക്ലൗഡ് ഡാറ്റാ സെന്ററിലുണ്ടായ പവർ ഔട്ടേജിനെ തുടർന്ന് യുകെയിലെ പ്രമുഖ ബാങ്കുകളുടെയും ഓൺലൈൻ സേവനങ്ങളുടെയും പ്രവർത്തനം താറുമാറായി. ചൊവ്വാഴ്ച രാവിലെ ആറരയോടെ തുടങ്ങിയ തകരാറിനെ തുടർന്ന് റിവൊലൂട്ട്, ലോയ്ഡ്സ്, എച്ച്എസ്ബിസി തുടങ്ങിയ ഡിജിറ്റൽ ബാങ്കുകളുടെ സേവനങ്ങളാണ് തടസപ്പെട്ടത്.
റിവൊലൂട്ട് ബാങ്കിന്റെ എടിഎം വഴിയുള്ള പണം പിൻവലിക്കൽ, മണി ട്രാൻസ്ഫർ, കാർഡ് ടോപ്-അപ്പ് തുടങ്ങിയ സേവനങ്ങളെല്ലാം തടസപ്പെട്ടു. ഇടപാടുകാരുടെ പണവും ഡാറ്റയും സുരക്ഷിതമാണെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇന്റർനെറ്റ് സർവീസ് ട്രാക്കറായ ഡൗൺ ഡിറ്റക്ടർ നൽകുന്ന വിവരമനുസരിച്ച് പ്രോപ്പർട്ടി വെബ്സൈറ്റായ റൈറ്റ് മൂവ്, ഡെലിവറി സേവനമായ ഡിപിഡി, റോയൽ മെയിൽ പോസ്റ്റൽ സർവീസ് എന്നിവയുടെ പ്രവർത്തനങ്ങളെയും ഔട്ടേജ് ബാധിച്ചു.
ലണ്ടനിലെ ഡാറ്റാ സെന്ററിലുണ്ടായ പ്രശ്നം കാരണം സേവനങ്ങൾ തടസപ്പെട്ടതായും, ആറു മണിക്കൂറിനു ശേഷം ഭൂരിഭാഗം സേവനങ്ങളും സാധാരണ നിലയിലായതായും ഗൂഗിൾ വ്യക്തമാക്കി.
ക്ലൗഡ് സേവനങ്ങൾക്കായി വിദേശ ഭീമന്മാരായ 'ഹൈപ്പർസ്കെയിലർ'മാരെ മാത്രം ആശ്രയിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് ഈ സംഭവം വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബൂമിന്റെ പശ്ചാത്തലത്തിൽ ഈ ആശങ്കകൾ കൂടുതൽ ശക്തമാകുന്നതായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Tags : Google Cloud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash