ജപ്പാൻ ബഹിരാകാശകേന്ദ്രത്തിൽനിന്ന് എച്ച്-3 വിക്ഷേപണ വാഹനം കുതിച്ചുയരുന്നു.
ചുവന്നഗ്രഹത്തിന്റെ രഹസ്യങ്ങൾ ചുരുളഴിയുമോ..? പിടികിട്ടാത്ത രഹസ്യങ്ങൾ തേടി ജപ്പാന്റെ മാർഷ്യൻ മൂൺസ് എക്സ്പ്ലൊറേഷൻ (എംഎംഎക്സ്) പേടകം ഭൂമിയിൽനിന്നു കുതിച്ചുയർന്നു. ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ 'ജാക്സ'യാണു ദൗത്യത്തിനു പിന്നിൽ. ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസിൽനിന്നു സാമ്പിളുകൾ ശേഖരിക്കുകയാണു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്നലെ പുലർച്ചെ തനെഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് എച്ച്-3 വിക്ഷേപണ വാഹനം പേടകവുമായി കുതിച്ചുയർന്നത്. ചൊവ്വയുടെ ഉപഗ്രഹത്തിൽനിന്ന് ഭൂമിയിലേക്ക് ആദ്യമായി സാമ്പിളുകൾ എത്തിക്കുന്ന വലിയ ദൗത്യത്തിനാണു ശാസ്ത്രലോകം തുടക്കമിട്ടിരിക്കുന്നത്. അഞ്ചുവർഷത്തോളം നീണ്ടുനിൽക്കുന്ന ദൗത്യം ജാക്സയുടെ ആദ്യ ചൊവ്വ റൗണ്ട് ട്രിപ്പ് കൂടിയാണ്. ശേഖരിക്കുന്ന സാമ്പിളുകൾ 2031-ൽ ഭൂമിയിൽ തിരിച്ചെത്തിക്കാൻ കഴിയുമെന്നാണു ഗവേഷകരുടെ പ്രതീക്ഷ.
ഏകദേശം 4,500 കിലോഗ്രാം ഭാരമുള്ള പേടകം 2027 ഓഗസ്റ്റിൽ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാനാണു പദ്ധതി. എന്നാൽ, പേടകത്തെ ചൊവ്വയുടെ ഉപരിതലത്തിൽ ഇറക്കില്ല. പകരം ഫോബോസ്, ഡീമോസ് എന്നീ രണ്ട് ഉപഗ്രഹങ്ങളെയും, പ്രത്യേകിച്ച് ഫോബോസിനെ കേന്ദ്രീകരിച്ചായിരിക്കും പഠിക്കുക. ജർമനിയും ഫ്രാൻസും ചേർന്നു വികസിപ്പിച്ച റോവറിനെ ഉപഗ്രഹത്തിൽ ഇറക്കി, ഉപരിതലത്തിന് രണ്ട് സെന്റിമീറ്റർ താഴെനിന്ന് പത്തുഗ്രാം റീഗോലിത് (പൊടിരൂപത്തിലുള്ള പാറക്കഷ്ണങ്ങൾ, മണൽ, പൊടിപടലങ്ങൾ) വസ്തുക്കൾ ശേഖരിക്കാനാണു ലക്ഷ്യമിടുന്നത്.

2031-ൽ തിരികെയെത്തും
ഫോബോസിൽ ഇറങ്ങാൻ കഴിഞ്ഞാൽ, ഭാവിയിലെ ചൊവ്വാ പര്യവേക്ഷണങ്ങൾക്ക് അടിത്തറപാകാൻ കഴിയുമെന്ന് എംഎംഎക്സ് പ്രോജക്റ്റ് ഗവേഷകർ പറഞ്ഞു. സൗരയൂഥത്തിന്റെ ഉത്ഭവവും ഗ്രഹങ്ങളുടെ രൂപീകരണവും വ്യക്തമാക്കുന്ന പുതിയ കണ്ടെത്തലുകൾക്കു ദൗത്യം വഴിതെളിക്കുമെന്നാണു പ്രതീക്ഷയെന്ന് ജാപ്പനീസ് ഗവേഷകർ അഭിപ്രായപ്പെടുന്നു. സാമ്പിളുകൾ ശേഖരിച്ചശേഷം പേടകത്തിന്റെ റിട്ടേൺ മോഡ്യൂൾ മാത്രമായി ഭൂമിയിലേക്കു മടങ്ങും. 2030 അവസാനത്തോടെ ചൊവ്വയിൽനിന്നു പുറപ്പെടുന്ന പേടകം 2031-ഓടെ ഭൂമിയിൽ എത്തും.
ഫോബോസിന്റെയും ഡീമോസിന്റെയും ഉത്ഭവത്തെക്കുറിച്ചു വ്യക്തത വരുത്താൻ ദൗത്യത്തിനു സാധിക്കും. ചുവന്ന ഗ്രഹത്തിന്റെ ഭൂതകാലത്തെയും പരിണാമത്തെയും കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകാൻ ഫോബോസിനു കഴിയുമെന്നാണ് ജാക്സ വ്യക്തമാക്കുന്നത്.
Tags : MartianMoonseXploration International MMX JAXA Japan Mars SpaceScience Phobos Deimos