അന്റാലിയ (തുർക്കി): ആഗോളതാപനത്തെ ചെറുക്കാൻ അടിയന്തരവും നിർണായകവുമായ നടപടികൾ സ്വീകരിക്കണമെന്ന് തുർക്കിയിൽ ആരംഭിച്ച യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ ലോകനേതാക്കൾ ആഹ്വാനം ചെയ്തു. കാലാവസ്ഥാവ്യതിയാനം ലോകത്തിലെ ഏറ്റവും ദുർബലരായ രാജ്യങ്ങളെ വലിയതോതിലാണു ബാധിക്കുന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിൽനിന്നുള്ള ശ്രദ്ധ തിരിച്ചതായും നേതാക്കൾ അഭിപ്രായപ്പെട്ടു.
ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, ചൂടേറുന്ന ലോകവുമായി പൊരുത്തപ്പെടുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതം പേറുന്ന ദരിദ്രരാജ്യങ്ങൾക്കുള്ള സാമ്പത്തികസഹായം വർധിപ്പിക്കുക, സംഘർഷങ്ങൾക്കുപകരം സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് ചർച്ചകളിൽ മുൻഗണന നൽകണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നമ്മുടെ ജീവനും കുട്ടികളുടെ ഭാവിക്കുംവേണ്ടിയുള്ള പോരാട്ടത്തിലാണു നമ്മളെന്നും അദ്ദേഹം പറഞ്ഞു.
യുദ്ധങ്ങളും പണപ്പെരുപ്പവും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും കാരണം കാലാവസ്ഥാവ്യതിയാനം എന്ന വിഷയം പിന്തള്ളപ്പെട്ടതായി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ മഴക്കാടായ ആമസോണിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത അദ്ദേഹം, സുസ്ഥിരമായ ഭാവിക്കായി ലോകനേതാക്കൾ ഒന്നിച്ചുനിൽക്കണമെന്നും അഭ്യർഥിച്ചു.
തങ്ങൾ അനുഭവിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ കെടുതികളെക്കുറിച്ച് ദ്വീപുരാജ്യമായ പലാവുവിന്റെ പ്രസിഡന്റ് സുരംഗൽ വിപ്സ് ജൂനിയറും ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലിയും ഉൾപ്പടെയുള്ള നേതാക്കൾ വികാരഭരിതമായാണു സംസാരിച്ചത്.
മാരകമായ വെള്ളപ്പൊക്കങ്ങളും ഉഷ്ണതരംഗങ്ങളും മറ്റു പ്രകൃതിദുരന്തങ്ങളും നാശം വിതച്ച ഒരു വർഷത്തിനുശേഷമാണ് ഈ വാർഷിക ഉച്ചകോടി ചേരുന്നത്. കഴിഞ്ഞ ഒന്പതിന് ആരംഭിച്ച ഉച്ചകോടി 20ന് സമാപിക്കും. വിവിധ ദിവസങ്ങളിലെ സെഷനുകളിൽ 102 ലോകനേതാക്കൾ പങ്കെടുക്കും.