ന്യൂഡൽഹി: രാജ്യത്ത് എവിടെയെങ്കിലും ശൈശവ വിവാഹം നടക്കുന്നതായി കാണുകയോ സംശയിക്കുകയോ ചെയ്താൽ മൗനം പാലിക്കരുതെന്നും ഉടൻതന്നെ 1098 എന്ന ഹെൽപ് ലൈൻ നമ്പറിലേക്കു വിവരമറിയിക്കണമെന്നും അഭ്യർഥിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവി.
ശൈശവ വിവാഹം വെറുമൊരു സാമൂഹികതിന്മ മാത്രമല്ലെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ അവകാശങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ഭാവി എന്നിവയെ ഇതു ഗുരുതരമായി ബാധിക്കുന്നുണ്ട്.
നമ്മുടെ പെൺമക്കളുടെ സ്വപ്നങ്ങളും അവകാശങ്ങളും സുരക്ഷിതമായ ഭാവിയും ഉറപ്പാക്കുന്നതിനും ‘ശൈശവ വിവാഹരഹിത ഭാരതം’എന്ന ദൃഢനിശ്ചയം യാഥാർഥ്യമാക്കുന്നതിനും സമൂഹം ഒന്നിച്ചുനിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.