സാൻഫ്രാൻസിസ്കോ: ഉപയോക്താക്കൾക്കു കൂടുതൽ സൗകര്യപ്രദമായ രീതിയിൽ കോളിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്സ്ആപ്പ്.
മൊബൈൽ, ഡെസ്ക് ടോപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാതെതന്നെ ഗൂഗിൾ ക്രോം പോലുള്ള വെബ് ബ്രൗസറുകളിലൂടെ നേരിട്ട് വോയ്സ്, വീഡിയോ കോളുകൾ ചെയ്യാനുള്ള വെബ് കോളിംഗ് സൗകര്യമാണ് ഇതിൽ പ്രധാനം. രണ്ടു വ്യക്തികൾ തമ്മിൽ കോൾ ചെയ്യുന്നതിനും ഗ്രൂപ്പ് കോളുകൾക്കും ഒരുപോലെ വെബ് കോളിംഗ് പിന്തുണ ലഭ്യമാണ്. ഇതിനൊപ്പം സ്ക്രീൻ ഷെയറിംഗ്, റിയാക്ഷനുകൾ, പ്രത്യേക കോൾ ഹിസ്റ്ററി ടാബ് എന്നിവയും വെബ് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡെസ്ക് ടോപ്പ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ അനുമതിയില്ലാത്ത ഔദ്യോഗിക ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർക്കും പഠനാവശ്യങ്ങൾക്ക് കംപ്യൂട്ടർ ഉപയോഗിക്കുന്ന വിദ്യാർഥികൾക്കും ഈ സൗകര്യം ഏറെ പ്രയോജനപ്പെടും.
നിലവിലുള്ള ഗ്രൂപ്പ് കോളുകൾ ഡിസ്കണക്ട് ചെയ്യാതെതന്നെ ഫോണിൽനിന്ന് ലാപ്ടോപ്പിലേക്കോ മറ്റ് ഉപകരണങ്ങളിലേക്കോ തത്സമയം മാറ്റാൻ സഹായിക്കുന്ന കോൾ ട്രാൻസ്ഫർ ഫീച്ചറും പുതിയ മാറ്റങ്ങളിൽ ഒന്നാണ്. കൂടാതെ, അനുമതിയില്ലാതെ ആളുകൾ ഗ്രൂപ്പ് കോളുകളിൽ കയറുന്നത് തടയാൻ ഹോസ്റ്റിനു സാധിക്കുന്ന വെയ്റ്റിംഗ് റൂം, പശ്ചാത്തല ശബ്ദങ്ങൾ ഒഴിവാക്കി വ്യക്തമായ ശബ്ദസന്ദേശം ഉറപ്പാക്കുന്ന നോയ്ക് സപ്രഷൻ എന്നിവയും വാട്സ് ആപ്പ് ഒരുക്കിയിട്ടുണ്ട്.
മെറ്റ സിഇഒ മാർക്ക് സക്കർബർഗും വാട്സ് ആപ്പ് മേധാവി കുനാൽ ഷായും പങ്കുവച്ച പോസ്റ്റുകളിലൂടെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ് തുടങ്ങിയ പ്രഫഷണൽ മീറ്റിംഗ് പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയാകുന്ന ഈ ഫീച്ചറുകളെല്ലാം പൂർണമായും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡും സൗജന്യവുമാണെന്ന് കന്പനി വ്യക്തമാക്കി.