International
ബാങ്കോക്ക്: തായ്ലൻഡും കംബോഡിയയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നു. രാജ്യരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഇരു രാജ്യങ്ങളും ഇന്നലെ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രദേശങ്ങളിൽനിന്നു പതിനായിരങ്ങൾ ഒഴിഞ്ഞുപോകാൻ തുടങ്ങി.
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിൽ ജൂലൈയിലുണ്ടായ വെടിനിർത്തൽ ലംഘിച്ച് തായ്ലൻഡും കംബോഡിയയും തിങ്കളാഴ്ച വീണ്ടും ഏറ്റുമുട്ടാനുള്ള കാരണം വ്യക്തമല്ല.
തായ്ലൻഡിന്റെ ആക്രമണത്തിൽ ഒന്‍പതു സിവിലിയന്മാർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി കംബോഡിയൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കംബോഡിയൻ ആക്രമണത്തിൽ മൂന്നു പട്ടാളക്കാർ കൊല്ലപ്പെടുകയും 29 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി തായ് വൃത്തങ്ങളും പറഞ്ഞു.
തായ്ലൻഡാണ് ആദ്യം ആക്രമിച്ചതെന്നും പ്രത്യാക്രമണത്തിനു നിർബന്ധിതരാവുകയായിരുന്നുവെന്നും കംബോഡിയയിലെ രാഷ്ട്രീയാതികായനും പ്രധാനമന്ത്രി ഹൺ മാനറ്റിന്റെ പിതാവുമായ ഹൺ സെൻ പറഞ്ഞു.
അതിർത്തിയിലെ അഞ്ചു പ്രവിശ്യകളിൽ ഏറ്റുമുട്ടൽ നടക്കുന്നതായി തായ് പ്രതിരോധമന്ത്രാലയം അറിയിച്ചു. കംബോഡിയൻ സേന പീരങ്കി, റോക്കറ്റ് വിക്ഷേപിണി, ബോംബ് ഇടുന്ന ഡ്രോൺ എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. തായ്ലൻഡിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും ജൂലൈ അവസാനം നാലു ദിവസം നീണ്ട ഉഗ്രയുദ്ധത്തിൽ ഏർപ്പെട്ടിരുന്നു. അന്ന് 48 പേർ കൊല്ലപ്പെടുകയും മൂന്നു ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
International
ബാങ്കോക്ക്: കംബോഡിയ-തായ്ലൻഡ് അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. അഞ്ചു പേർ കൊല്ലപ്പെട്ടതോടെ അതിർത്തി ഗ്രാമങ്ങളിൽനിന്ന് ആളുകൾ കൂട്ടത്തോടെ പലായനം ചെയ്തുതുടങ്ങി. ജൂലൈയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ഗുരുതരമായ ഏറ്റുമുട്ടലാണിത്.
കംബോഡിയ ഇന്നലെ അതിർത്തിയിൽ വ്യോമാക്രമണം ആരംഭിച്ചു. വ്യോമാക്രമണം നടന്നതായി തായ്ലാന്ഡ് സ്ഥിരീകരിച്ചു. കംബോഡിയന്‍ സൈനിക താവളങ്ങള്‍ക്കു നേരേ തായ്ലാന്ഡും വ്യോമാക്രമണം നടത്തി.
അതിർത്തിപ്രദേശങ്ങളിൽനിന്ന് അന്‍പതിനായിരത്തിലധികം ആളുകൾ പലായനം ചെയ്തതായി തായ് സൈന്യം പറഞ്ഞു, അതേസമയം, അതിർത്തി ഗ്രാമങ്ങളിലെ താമസക്കാരെ ഒഴിപ്പിച്ചതായി കംബോഡിയൻ മന്ത്രി നെത് ഫീക്ത്ര പറഞ്ഞു.
തങ്ങൾ സംഘർഷം ആഗ്രഹിച്ചിരുന്നില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ മാർഗങ്ങൾ സ്വീകരിക്കുമെന്നും തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചരൺവിരാകുൽ പറഞ്ഞു. തായ് അധിനിവേശക്കാർ പ്രതികാര നടപടി സ്വീകരിക്കുകയാണെന്നാണ് കംബോഡിയ മുൻ നേതാവ് ഹുൻ സെൻ ആരോപിക്കുന്നത്.
ഞായറാഴ്ചയാണ് അതിർത്തിയിൽ വീണ്ടും സംഘർഷം ആരംഭിച്ചത്. കംബോഡിയൻ സൈന്യത്തിന്റെ വെടിവയ്പിൽ രണ്ട് സൈനികർക്കു പരിക്കേറ്റതായും സൈന്യം തിരിച്ചടിച്ചതായും തായ്ലൻഡ് പറയുന്നു. തായ് സൈന്യമാണ് ആദ്യം വെടിയുതിർത്തതെന്നും തിരിച്ചടിക്കുകയായിരുന്നെന്നുമാണ് കംബോഡിയ പറയുന്നത്.