കൊച്ചി : കംബോഡിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സൈബര്‍തട്ടിപ്പ് സംഘത്തലവന് പാലക്കാട് സ്വദേശി അബ്ദുറഹ്മാന് നടത്തിയിരുന്നത് വന്‍ മനുഷ്യക്കടത്ത് റാക്കറ്റ്.
മലയാളികള്‍ ഉള്‍പ്പെടെ നൂറോളം പേരെ ഇയാള്‍ കംബോഡിയയിലേയ്ക്ക് കയറ്റി അയച്ചുവെന്നാണ് അന്വേഷക സംഘത്തിന്റെ കണ്ടെത്തല്‍. നിരവധി സ്ത്രീകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മനുഷ്യക്കടത്ത് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
ജോലിക്കാണെന്ന് പറഞ്ഞ് നിരവധിയാളുകളുമായി ഇയാള്‍ ഓണ്‍ലൈനില്‍ നടത്തിയ വീഡിയോ ഇന്റര്‍വ്യൂവിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. അബ്ദു റഹ്മാന്റെ ലാപ്ടോപ്പില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. ലാപ്ടോപ്പും ഒരു ഐ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഐ ഫോണിലും ദൃശ്യങ്ങളുണ്ട്. ഇയാളുടെ ഒരു മൊബൈല്‍ ഫോണ്‍ കൂടി കണ്ടെത്താനുണ്ട്.
ഇന്റര്‍വ്യൂ വഴി തെരഞ്ഞെടുക്കുന്നവരെ വിസിറ്റിംഗ് വിസയില്‍ തായ്ലന്ഡ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം കംബോഡിയന്‍ അതിര്‍ത്തിയില്‍ എത്തിക്കും. ഇവിടെയുള്ള പോലീസുകാര്‍ക്ക് കൈക്കൂലി നല്കി അതിര്‍ത്തി കടത്തിവിടും. പാസ്പോര്‍ട്ട് വാങ്ങി വച്ചിട്ടാണ് കംബോഡിയയിലേയ്ക്ക് വിടുക. കംബോഡിയയില്‍ പിടിക്കപ്പെട്ടാല്‍ യാതൊരു രേഖകളും ജോലിക്കായി എത്തിയവരുടെ കൈയിലുണ്ടാവില്ല.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്‍നിന്ന് 37 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അബ്ദുറഹ്മാന് അറസ്റ്റിലായത്. പോലീസ് ലുക്കൗട്ട് നോട്ടീസുള്ള ഇയാള്‍ ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴാണ് പിടിയിലായത്. ഓപ്പറേഷന് കംബോഡിയ എന്ന പേരിലായിരുന്നു അന്വേഷണം. റിമാന്‍ഡിലുള്ള അബ്ദു റഹ്മാനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.
സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിംഗ്, ലോണ്‍ ആപ് പരസ്യങ്ങള്‍വഴിയാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. പിന്നീട് മാട്രിമോണിയല്‍ സൈറ്റുകളും തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരില്‍ ആയിരത്തിലധികം വ്യാജ പ്രൊഫൈലുകള്‍ സൃഷ്ടിച്ചതായി കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് കണ്ടെത്തി. ഇതിന്റെ വിവരങ്ങള്‍ അടക്കം കോടതിയില്‍ സമര്‍പ്പിക്കും.
വിവാഹാലോചനയുടെ പേരില്‍ സൗഹൃദം സ്ഥാപിച്ചശേഷം ട്രേഡിംഗിലേക്ക് നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു സംഘം ചെയ്തിരുന്നത്. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
Tags : nattu vishesham Cyber fraud centered Cambodia