ആലപ്പുഴ: നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാരും സുരക്ഷാ ഉദ്യോഗസ്ഥരുമുൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ജഡ്ജി ഹണി എം. വർഗീസാണ് കേസ് പരിഗണിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്.
2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വെച്ച് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ ഗൺമാൻ അനിൽ കുമാറും സെക്യൂരിറ്റി ഓഫീസർ എസ് സന്ദീപും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. ഈ മർദനത്തെ അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
കേരളത്തിൽ ഭരണമാറ്റമുണ്ടായതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭാ യോഗം തന്നെ ഈ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണ സംഘം പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ (വകുപ്പ് 308) കൂടി ചേർത്തതോടെയാണ് അനിൽ കുമാർ, സന്ദീപ്, ഷൈജു, അരുൺ, വിപിൻ എന്നിവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കേസിലെ പ്രതികളായ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെയും സർവീസ് ഭരണകൂടം നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ശനിയാഴ്ച നടന്ന വാദത്തിനിടെ പ്രോസിക്യൂഷൻ ഹാജരാക്കിയ മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കോടതി വിശദമായി പരിശോധിച്ചിരുന്നു. എന്നാൽ പെട്ടെന്ന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനെതിരെ കോടതി അന്വേഷണ സംഘത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ കോടതി ഉത്തരവ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്ക് നിർണായകമാകും.
Tags : Alappuzha CM's gunmen Latest News