ന്യൂഡൽഹി: പ്രധാനമന്ത്രിയായി 12 വർഷം പൂർത്തിയാക്കിയതിനു പിന്നാലെ മറ്റൊരു റിക്കാർഡും കൈപ്പിടിയിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിപദം അലങ്കരിച്ച വ്യക്തിയെന്ന റിക്കാർഡ് നാളെ നരേന്ദ്ര മോദി സ്വന്തമാക്കും. നിലവിൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിലുള്ള റിക്കാർഡാണ് മോദി നാളെ സ്വന്തം പേരിലാക്കുക.
1952 മേയ് 13 മുതൽ 1964 മേയ് 27ന് മരിക്കുന്നതുവരെ 4,398 ദിവസമായിരുന്നു ജവഹർലാൽ നെഹ്റു തുടർച്ചയായി പ്രധാനമന്ത്രിയായിരുന്നത്. രാജ്യം റിപ്പബ്ലിക്കാകുന്നതിനുമുന്പ് ഇടക്കാല സർക്കാരിന്റെ തലവനെന്ന നിലയിൽ നെഹ്റു പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നെങ്കിലും 1952 മുതലായിരുന്നു നെഹ്റു ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായത്. പ്രധാനമന്ത്രിയായി 2014 മേയ് 26ന് സത്യപ്രതിജ്ഞ ചെയ്ത നരേന്ദ്ര മോദി നാളെ പ്രധാനമന്ത്രിയെന്ന നിലയിൽ തുടർച്ചയായി 4399 ദിവസം പൂർത്തിയാക്കും.
അതേസമയം, ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി പ്രവർത്തിച്ചതിന്റെ റിക്കാർഡ് രാജ്യത്തിന്റെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ പേരിലാണ്.
1984ൽ കൊല്ലപ്പെടുന്നതുവരെ 5829 ദിവസമാണ് പ്രധാനമന്ത്രിയായി ഇന്ദിര തുടർന്നത്. 1966 മുതൽ 1977 വരെ 4,077 ദിവസം ഇന്ദിര തുടർച്ചയായി പ്രധാനമന്ത്രിയായിരുന്നു.
Tags : PM Modi record Prime Minister Post jawaharlal nehru record