ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ 35 വർഷം നീണ്ടുനിന്ന പാർലമെന്ററി ജീവിതത്തിന് വിരാമമാകുന്നതായി സൂചന. കർണാടകയിൽ നിന്ന് ഒഴിഞ്ഞുകിടക്കുന്ന തങ്ങളുടെ ഏക രാജ്യസഭാ സീറ്റിലേക്ക് ബിജെപി പ്രൊഫ. എം. നാഗരാജിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെയാണിത്. ജൂൺ 30-നാണ് ദേവഗൗഡയുടെ നിലവിലുള്ള രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മറ്റൊരു സംസ്ഥാനത്ത് നിന്നെങ്കിലും ബിജെപി അദ്ദേഹത്തിന് സീറ്റ് നൽകിയില്ലെങ്കിൽ ദേവഗൗഡയുടെ പാർലമെന്റ് കരിയറിന് ഇതോടെ താത്കാലിക വിരാമമാകും.
കർണാടകയിൽ നിലവിലുള്ള എംഎൽഎമാരുടെ എണ്ണം അനുസരിച്ച് ബിജെപിക്ക് ഒറ്റയ്ക്ക് ഒരു സീറ്റിൽ മാത്രമേ വിജയിക്കാൻ സാധിക്കൂ. സഖ്യകക്ഷിയായ ജെഡിഎസിന് വേണ്ടി ഈ സീറ്റ് ബിജെപി വിട്ടുനൽകുമെന്നും ദേവഗൗഡ വീണ്ടും രാജ്യസഭയിലെത്തുമെന്നുമാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കരുതിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി പ്രൊഫ. എം. നാഗരാജിനെ രംഗത്തിറക്കാൻ ബിജെപി തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ ദേവഗൗഡയുടെ രാഷ്ട്രീയ ഭാവി ഇനി ബിജെപി കേന്ദ്ര നേതൃത്വം മറ്റ് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന് അവസരം നൽകുമോ എന്നതിനെ ആശ്രയിച്ചിരിക്കും.
Tags : Devegowda Karnataka Latest News Rajyasabha