സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
ന്യൂഡൽഹി: കോടതി നടപടികളുടെ ഓഡിയോ-വീഡിയോ ദൃശ്യങ്ങൾ യാതൊരു അനുമതിയും ഇല്ലാതെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ സുപ്രീംകോടതി കർശന ഉത്തരവ് പുറപ്പെടുവിച്ചു. ബന്ധപ്പെട്ട ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിന്റെയോ സുപ്രീംകോടതിയുടെ സെക്രട്ടറി ജനറലിന്റെയോ മുൻകൂർ അനുമതിയില്ലാതെ കോടതി നടപടികൾ സാമൂഹികമാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ അതുവഴി പണം സമ്പാദിക്കുകയോ ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ തെറ്റായ രീതിയിലും സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റിയുമാണ് പ്രചരിപ്പിക്കുന്നത്. ഇത് കോടതിയുടെ അന്തസിനെ ബാധിക്കുന്നുവെന്നും നീതിന്യായ വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം തകർക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഒരു മാധ്യമപ്രവർത്തകൻ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് ഈ നടപടി.
മാധ്യമങ്ങളുടെ വാർത്താ റിപ്പോർട്ടിംഗിനെ ഈ ഉത്തരവ് ബാധിക്കില്ലെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള വിലക്കല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജഡ്ജിമാരുടെയും അഭിഭാഷകരുടെയും വാക്കുകൾ എഐ ടൂളുകൾ ഉപയോഗിച്ച് മാറ്റിമറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി.
കോടതി വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക്, എക്സ് (ട്വിറ്റർ) തുടങ്ങിയ സാമൂഹികമാധ്യമ ഇടനിലക്കാർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കോടതികളെ ഒരു 24 മണിക്കൂർ വിനോദ ചാനലാക്കി മാറ്റാൻ കഴിയില്ലെന്നും ഓൺലൈൻ ലിങ്കുകൾ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി അഭിപ്രായപ്പെട്ടു.
Tags : Supreme Court Chief Justice Suryakant Latest News Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash