അബ്ദുള്ള രാജാവ്.
രക്തരൂക്ഷിതമായ ചരിത്രമാണ് മധ്യപൂർവേഷ്യയുടേത്. കൂട്ടക്കൊലകൾക്കും പലായനങ്ങൾക്കും ആ ഭൂപ്രദേശം നിത്യസാക്ഷി. കൂട്ടികളുടെയും സ്ത്രീകളുടെയും കൂട്ടക്കരച്ചിലിന്റെ ഭൂപടം. ലോകത്തിനുമുന്നിൽ ചോരയിറ്റുന്ന ആ ദേശത്തിന് അതിസന്പന്നമായ ഭൂതകാലവുമുണ്ട്. ആ മരുദേശത്ത് സമാധാനത്തിന്റെ സൂര്യോദയത്തിനായി അക്ഷീണം യത്നിച്ച ഒരു നായകനുണ്ടായിരുന്നു. ജോർദാൻ ഭരണാധികാരിയായിരുന്ന അബ്ദുള്ള ഒന്നാമൻ രാജാവ്. എന്നാൽ, തീവ്രമതഭ്രാന്തിന്റെ ഇരയായി, അദ്ദേഹം മണ്ണിൽ വീണുപിടഞ്ഞപ്പോൾ, ഇരുൾ പടർന്നത് സമാധാനത്തിന്റെ സൂര്യോദയം കാത്തിരുന്ന മനുഷ്യമനസുകളിലാണ്.
1951 ജൂലൈ 20. ചരിത്രപ്രസിദ്ധമായ ജെറുസലേമിലെ അൽ-അഖ്സ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കായി എത്തിയതായിരുന്നു ജോർദാന്റെ (അന്ന് ട്രാൻസ്ജോർദാൻ) ഭരണാധികാരിയായ അബ്ദുള്ള ഒന്നാമൻ രാജാവ്. ദേവാലയത്തിൽ പ്രാർഥിക്കുകയായിരുന്ന, ആ 69-കാരനുനേരേ ഒരു യുവാവ് തുടരെത്തുടരെ വെടിയുതിർത്തു. അബ്ദുള്ള രാജാവിന്റെ നെഞ്ചിലേക്കു വെടിയുണ്ട തുളച്ചുകയറി. നിമിഷങ്ങൾക്കുള്ളിൽ രാജാവ് നിലംപൊത്തി.
ചരിത്രത്തിലെ ഏറ്റവും ദൗർഭാഗ്യകരമായ സംഭവങ്ങളിലൊന്നാണ് അന്നവിടെ അരങ്ങേറിയത്. ആ വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ജീവനെടുക്കുക മാത്രമായിരുന്നില്ല, പതിറ്റാണ്ടുകളായി രക്തരൂഷിതമായി തുടരുന്ന അറബ്-ഇസ്രയേൽ സംഘർഷങ്ങൾക്ക് അന്ത്യം കുറിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകം പ്രതീക്ഷയോടെ കണ്ടിരുന്ന സമാധാനശ്രമംകൂടിയാണ് പൊലിഞ്ഞത്.
പാലസ്തീൻകാരനായ മുസ്തഫ ഷുക്രി അഷു ആയിരുന്നു ഘാതകൻ. 21 വയസുള്ള ആ തുന്നൽക്കാരനെ രാജാവിന്റെ അംഗരക്ഷകർ സംഭവസ്ഥലത്തുവച്ചുതന്നെ വെടിവച്ചുകൊന്നു. എന്നാൽ, പിന്നീടു നടന്ന അന്വേഷണങ്ങൾ ഞെട്ടിക്കുന്ന ഗൂഢാലോചനകളാണ് പുറത്തുകൊണ്ടുവന്നത്. അബ്ദുള്ള രാജാവിന്റെ വധത്തിനു പിന്നിൽ വലിയ ശക്തികളുടെ കറുത്ത കരങ്ങളുണ്ടായിരുന്നു.
ജെറുസലേമിലെ മുൻ മുഫ്തിയായിരുന്ന അമീൻ അൽ-ഹുസൈനിയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടായിരുന്നു. ഔപചാരികമായ മതപഠനം നടത്തിയിട്ടില്ലാത്ത, പണ്ഡിതനല്ലാത്ത അൽ-ഹുസൈനി, തീവ്ര അറബ് ദേശീയതയും അന്ധമായ ജൂതവിരുദ്ധതയും പ്രചരിപ്പിക്കുന്നവരിൽ പ്രധാനിയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇയാൾ ബെർലിനിൽ ഉണ്ടായിരുന്നു. അതിക്രൂരനായ ജർമൻ ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറുമായും നാസി നേതാക്കളിലെ ഉന്നതന്മാരിലൊരാളായ ഹെൻറിച്ച് ഹിംലറുമായും അൽ ഹുസൈനിക്കു ബന്ധമുണ്ടായിരുന്നു. അഡോൾഫ് ഹിറ്റ്ലറുടെ നാസി ജർമനിയിലെ ഈ കൊടുംക്രൂരൻ, രണ്ടാം ലോകമഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് ജൂതന്മാരെയും മറ്റു വിഭാഗക്കാരെയും കൊന്നൊടുക്കിയ ഹോളോകോസ്റ്റ് എന്ന കൂട്ടക്കൊലയുടെ പ്രധാന സൂത്രധാരനായിരുന്നു.
യുദ്ധത്തിനുശേഷം, അബ്ദുള്ള രാജാവ് ജെറുസലേമിൽ പുതിയൊരു മുഫ്തിയെ നിയമിച്ചതോടെ അൽ-ഹുസൈനിക്ക് രാജാവിനോടുള്ള ശത്രുത വർധിച്ചു. ഇസ്രയേലുമായി നയതന്ത്രപരമായ സമാധാന ചർച്ചകൾക്കു രാജാവ് തുടക്കമിട്ടതു തങ്ങളുടെ ലക്ഷ്യങ്ങൾക്കു തിരിച്ചടിയാകുമെന്നു മനസിലാക്കിയതോടെയാണ് അൽ ഹുസൈനി രാജാവിനെ വധിക്കാൻ തീരുമാനിക്കുന്നത്.
അറബ് വിപ്ലവം
1882-ൽ മക്കയിലാണ് അബ്ദുള്ള ജനിച്ചത്. മക്കയിലെ ഷരീഫിന്റെ രണ്ടാമത്തെ മകനായ അദ്ദേഹം, പ്രഭുകുടുംബ പശ്ചാത്തലത്തിലാണു വളർന്നത്. കവിതയിലും ഖുറാൻ പഠനത്തിലും പാണ്ഡിത്യം നേടിയ അദ്ദേഹം 1908-ൽ കുടുംബത്തോടൊപ്പം കോൺസ്റ്റാന്റിനോപ്പിളിലേക്ക് (ഇസ്താംബുൾ) മാറി.
ഒന്നാം ലോകമഹായുദ്ധത്തിൽ (1914-18) ഒട്ടോമൻ സാമ്രാജ്യം ജർമനി, ഓസ്ട്രിയ, ബൾഗേറിയ കേന്ദ്രശക്തികൾക്കൊപ്പമായിരുന്നു. ഒട്ടോമൻ സാമ്രാജ്യത്തിനെതിരേ ബ്രിട്ടന്റെ പിന്തുണയോടെ നടന്ന പ്രശസ്തമായ അറബ് വിപ്ലവത്തിൽ അബ്ദുള്ളയും സഹോദരൻ ഫൈസലും നിർണായക പങ്കു വഹിച്ചു. പാൻ-അറബ് രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു അവരുടെ സ്വപ്നം. തുടർന്ന്, 1921-ലെ മിഡിൽ ഈസ്റ്റ് കോൺഫറൻസിലൂടെ ബ്രിട്ടൻ അബ്ദുള്ളയെ ട്രാൻസ്ജോർദാൻ അമീർ ആയി അംഗീകരിച്ചു.

യാഥാർഥ്യം അറിയുന്ന ഭരണാധികാരി
മറ്റു അറബ് ഭരണാധികാരികളിൽനിന്നു വ്യത്യസ്തമായി, പ്രായോഗിക രാഷ്ട്രീയം തിരിച്ചറിഞ്ഞ അപൂർവം നേതാക്കളിൽ ഒരാളായിരുന്നു അബ്ദുള്ള രാജാവ്. 1948-ൽ ഇസ്രയേൽ രൂപീകൃതമായതോടെ മേഖലയിലുടനീളം യുദ്ധാന്തരീക്ഷം പടർന്നുപിടിച്ചു. എന്നാൽ, കെയ്റോയിലെയും ദമാസ്കസിലെയും തീവ്ര ദേശീയ സർക്കാരുകളിൽനിന്നു വ്യത്യസ്തമായി, ഇസ്രയേലുമായി ധാരണയിലെത്താനാണ് അബ്ദുള്ള രാജാവ് ആഗ്രഹിച്ചത്. സമാധാനശ്രമങ്ങളുമായി ബന്ധപ്പെട്ട് പ്രമുഖ ഇസ്രേലി നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ചകർ നടത്തി.
ഇസ്രയേലിന്റെ ചീഫ് നെഗോഷ്യേറ്ററായിരുന്ന ഗോൾഡ മിറുമായി 1947 മുതൽ അദ്ദേഹം നിരന്തരം ആശയവിനിമയം നടത്തിയിരുന്നു. ആദ്യ മധ്യപൂർവേഷ്യൻ യുദ്ധത്തിനു ശേഷം, പിൽക്കാലത്ത് ഇസ്രേലി ചാരസംഘടനയായ മോസാദ് സ്ഥാപിച്ച റൂവൻ ശിലോഹുമായി 1949-ലും 1950-ലും അബ്ദുള്ള രാജാവ് രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. വധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ഇസ്രേലി നയതന്ത്രജ്ഞനായ മോഷെ സസണിനോട് അബ്ദുള്ള രാജാവ് പറഞ്ഞ വാക്കുകൾ ചരിത്രപ്രസിദ്ധമാണ്:
എനിക്കു സമാധാനം വേണം. അത് എന്റെ ജനങ്ങളുടെ നന്മയ്ക്കാണ്. നാം സമാധാനത്തിലെത്തിയില്ലെങ്കിൽ ഇനിയും യുദ്ധങ്ങളുണ്ടാകും, നമ്മൾ എല്ലാം നഷ്ടപ്പെടുത്തും.
അദ്ദേഹത്തിന്റെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ, മധ്യപൂർവേഷ്യയിൽ സമാധാനം കൊണ്ടുവരാൻ കഴിയുമായിരുന്ന ഒരേയൊരു വ്യക്തി എന്നാണ് അബ്ദുള്ള രാജാവിനെ വിശേഷിപ്പിച്ചത്.
ഒരു അധ്യായത്തിന്റെ അന്ത്യം
അബ്ദുള്ള രാജാവിന്റെ ദാരുണമായ അന്ത്യത്തിനുശേഷം, മാനസികാരോഗ്യപ്രശ്നങ്ങളാൽ വലഞ്ഞിരുന്ന മൂത്തമകൻ തലാൽ രാജാവായി. എങ്കിലും മാസങ്ങൾക്കകം അധികാരമൊഴിഞ്ഞു. തുടർന്ന് തലാലിന്റെ മകൻ ഹുസൈൻ അധികാരമേറ്റു. 1967-ലെ യുദ്ധത്തിൽ ജോർദാന് കിഴക്കൻ ജെറുസലേമും ജോർദാൻനദിയുടെ പടിഞ്ഞാറൻ തീരവും നഷ്ടമായി. പിന്നീട് 1994-ൽ ഹുസൈൻ രാജാവ് ഇസ്രയേലുമായി സമാധാന കരാറിൽ ഒപ്പുവച്ചെങ്കിലും, 1951-ൽ അബ്ദുള്ള രാജാവിന്റെ മരണത്തോടെ നഷ്ടപ്പെട്ട ആ സുവർണാവസരം വീണ്ടെടുക്കാൻ പിന്നീട് മധ്യപൂർവേഷ്യക്കായിട്ടില്ല.
Tags : KingAbdullah MiddleEast Jordan ArabNationalism MustafaShukriAshshu Palestinian