ന്യൂഡൽഹി: 23 രാഷ്ട്രീയകക്ഷികൾ പങ്കെടുത്ത വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ യോഗത്തിൽ ചർച്ചയായി ഡിഎംകെയുടെ ബഹിഷ്കരണവും തമിഴ്നാട്ടിലെ ഭരണകക്ഷിയായ ടിവികെയുടെ അസാന്നിധ്യവും.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ കോണ്‍ഗ്രസ് വിജയ്യുടെ പാർട്ടിയായ ടിവികെയ്ക്ക് കൈ കൊടുത്തതാണ് ഡിഎംകെയുടെ ബഹിഷ്കരണത്തിനു കാരണമെങ്കിൽ, ദേശീയ രാഷ്ട്രീയത്തിലേക്ക് ഇതുവരെ രംഗപ്രവേശം നടത്താത്ത ടിവികെയ്ക്കു യോഗത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കാത്തതാണ് ആ പാർട്ടിയുടെ അസാന്നിധ്യത്തിനു കാരണം.
ഇന്നലെ നടന്ന യോഗത്തിൽ ഡിഎംകെയുടെ ബഹിഷ്കരണവും അവരെ മുന്നണിയിൽ തിരിച്ചുകൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ചില പാർട്ടികൾ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനോടൊപ്പം സിപിഎമ്മും സിപിഐയും വിസികെയും മുസ്ലിം ലീഗും ടിവികെയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അതു സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സംഭവവികാസങ്ങൾ മൂലമാണെന്നു വിശദീകരണം നൽകി.
ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം ചോദിച്ചുവാങ്ങി കോണ്‍ഗ്രസിൽനിന്ന് നിലവിൽ ‘അകലം’ പാലിക്കുന്ന ഡിഎംകെ ദേശീയ വിഷയങ്ങളിൽ പ്രതിപക്ഷസഖ്യത്തിന്റെ നിലപാടുകൾക്കൊപ്പമാണെന്നതിനാൽ നിലവിലെ നീരസം ഭാവിയിൽ വീണ്ടും സൗഹൃദമായേക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
തമിഴ്നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ വിജയ്യുടെ ടിവികെയുമായി തങ്ങൾക്കു കൈകോർക്കേണ്ടിവന്നെങ്കിലും 22 എംപിമാരോടെ ലോക്സഭയിലെ ഏറ്റവും വലിയ അഞ്ചാമത്തെ രാഷ്ട്രീയ കക്ഷിയായ ഡിഎംകെയെ ബിജെപി വിരുദ്ധ പോരാട്ടത്തിൽ ഒപ്പം നിർത്തേണ്ടതിന്റെ ആവശ്യകത നന്നായി കോണ്‍ഗ്രസിനറിയാം.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് ഇനിയുള്ള മൂന്നു വർഷത്തെ ദൂരത്തിൽ ഇക്കാര്യം മനസിൽ വച്ചുകൊണ്ടുതന്നെയായിരിക്കും തമിഴ്നാട്ടിൽ ആർക്കു കൈ കൊടുക്കണമെന്നതിൽ കോണ്‍ഗ്രസ് തീരുമാനമെടുക്കുക.
Tags : India Front meeting DMK's boycott TVK's absence