ഹൃദയത്തോട് ചേര്‍ത്തുവച്ച പൂവ് കൈമാറുമ്പോള്‍ പ്രണയമാണെങ്കില്‍, കാല്‍പ്പന്ത് ലോകത്തില്‍ ഹൃദയങ്ങളിലേറിയ ജഴ്സിക്കു നിറം മഞ്ഞ... അര്‍ജന്റീന, ജര്‍മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ ഏതൊരു ടീമിന്റെ ആരാധകരാണെങ്കിലും ബ്രസീലിന്റെ മഞ്ഞ ജഴ്സിയും നിങ്ങളുടെ ഹൃദയങ്ങളുടെ കോണില്‍ ഉണ്ടായിരിക്കും... അതെങ്ങനെ സംഭവിച്ചു..? ആ മഞ്ഞ നിറം തന്നെ... ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ജഴ്സി ബ്രസീലിന്റെ മഞ്ഞയും നീലയും സംഗിമിക്കുന്നതുതന്നെ... ലോകത്തിന്റെ നെറുകയിലേക്ക് ബ്രസീലിന്റെ മഞ്ഞല നീന്തിയെത്തിയത് ഹൃദയം പിളര്‍ന്നുള്ള ചോരച്ചാലില്നിന്ന്...
►മരക്കാന മറക്കാന്‍
ബ്രസീലില്‍ ദേശീയ ടീമിന്റെ ഇപ്പോഴത്തെ ജഴ്സിയുടെ പിറവി 1950 ഫിഫ ലോകകപ്പ് ഫൈനലിലെ തോല്വിയില്നിന്നാണെന്നതു ചരിത്രം. റിയൊയിലെ മരക്കാന സ്റ്റേഡിയത്തില്‍വച്ചായിരുന്നു 1950 ഫൈനല്‍. ബ്രസീലിന്റെ തൂവെള്ള ജഴ്സിക്കാര്‍ കപ്പടിക്കുമെന്ന് സര്‍വരും കരുതി. ഓള് വൈറ്റ് ജഴ്സിയായിരുന്നു ബ്രസീലിന്. ഷര്‍ട്ടിന്റെ കോളറിനു നീലയും. ഫൈനല്‍ 2-1ന് ബ്രസീല്‍ പരാജയപ്പെട്ടു. മരക്കാന ദുരന്തമായി രാജ്യം ഇന്നും ആ ദുഃഖത്തില്‍.
►ശപിക്കപ്പെട്ട വെള്ള
മരക്കാന ദുരന്തം രാജ്യത്തെ മുഴുവന്‍ ശോകമൂകമാക്കി. അതോടെ ബ്രസീലിയന്‍ സ്പോര്‍ട്സ് ഫെഡറേഷന് (സിബിഡി) ഒരു തീരുമാനമെടുത്തു. ശപിക്കപ്പെട്ട വെള്ള നിറം ഇനി ജഴ്സിയില്വേണ്ട. ദേശീയ ടീമിന്റെ പുതിയ ജഴ്സി ഡിസൈന്‍ ചെയ്യാനുള്ള അവസരം ഏവര്‍ക്കുമായി ഒരുക്കി പത്രങ്ങളില്‍ പരസ്യം. ഡിസൈന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം; ബ്രസീലിന്റെ ദേശീയ പതാകയിലുള്ള മഞ്ഞ, പച്ച, നീല, വെള്ള നിറങ്ങള്‍ ഉള്‍ക്കൊള്ളിക്കണം.
►19കാരന്റെ ഡിസൈന്‍
രാജ്യവ്യാപകമായി നടത്തിയ ദേശീയ ജഴ്സി ഡിസൈന്‍ മത്സരത്തില്‍ ജേതാവായത് 19കാരനായ ആല്ഡിര് ഗാര്‍സിയ ഷ്ലീ. ഒരു പത്രസ്ഥാപനത്തിലെ ഇല്ലസ്ട്രേറ്ററായിരുന്നു ആല്ഡിര്. പച്ച ട്രിം ഉള്ള തിളക്കമാര്‍ന്ന സുവര്‍ണ മഞ്ഞ ഷര്‍ട്ടും കൊബാള്‍ട്ട്-നീല ഷോര്‍ട്ട്സും വെള്ള സോക്സുമായിരുന്നു ആല്ഡിറിന്റെ ഡിസൈന്‍. ഇന്ന് ബ്രസീല്‍ മഞ്ഞയ്ക്കൊപ്പം വെള്ള ഷോര്‍ട്ട്സും നീല സോക്സും എല്ലാം അണിയുന്നു. അപ്പോഴെല്ലാം മഞ്ഞക്കടലിരമ്പമാണ് ആരാധക ഹൃദയങ്ങളില്‍...
ഗോളാന്തര കാൽപ്പന്ത് പോരാട്ടത്തിന്റെ രാജകീയ കിരീടം അഞ്ച് തവണ സ്വന്തമാക്കിയ ബ്രസീൽ ആറാം വട്ടത്തിനായാണ് 2026ൽ മഞ്ഞ ജഴ്സി അണിയുന്നത്. 1950 ഫിഫ ലോകകപ്പ് ഫൈനൽ പരാജയത്തിനുശേഷം സുവർണ മഞ്ഞയണിഞ്ഞ കാനറികൾ, മഞ്ഞയിൽ ഭൂഗോള കിരീടത്തെ പുൽകി. ശപിക്കപ്പെട്ട വെള്ളയ്ക്കുശേഷം കിരീട നേട്ടങ്ങളുടെ മഞ്ഞ. 1958, 1962, 1970, 1994, 2002 എന്നിങ്ങനെ അഞ്ച് തവണ കപ്പുയർത്തി. ആറാം കിരീടത്തിനായുള്ള കാത്തിരിപ്പ് 2026ൽ അവസാനിക്കുമോ എന്നതാണ് അറിയേണ്ടത്.
Tags : FIFA World Cup Football brazil Nymar