ആലപ്പുഴ: അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് വാഹനങ്ങളിൽ ഇടിച്ച് റോഡരികിലെ ബജ്ജിക്കടയ്ക്ക് മുന്നിൽ ചായ കുടിച്ചുകൊണ്ടുനിന്ന യുവാവിന് ദാരുണാന്ത്യം.
കഞ്ഞിക്കുഴി തകിടിവെളിയിൽ സുനിൽകുമാറിന്റെ മകൻ എസ്. സുധീഷാണ് (35) മരിച്ചത്. ഇന്നലെ വൈകിട്ട് 3.15ന് പഴവീട് മെഡിക്കൽ സെന്ററിന് എതിർവശത്തായിരുന്നു സംഭവം.
തിരുവല്ലയിലെ ബന്ധുവീട്ടിൽ ഭാര്യക്കൊപ്പം പോയശേഷം മുഹമ്മയിലെ വീട്ടിലേക്കു മടങ്ങിവരുകയായിരുന്നു. പഴവീട് ഭാഗത്ത് എത്തിയപ്പോൾ ബജ്ജിക്കടയിൽ ചായ കുടിക്കാൻ ബൈക്ക് നിർത്തി. ഒപ്പമുണ്ടായിരുന്ന ഭാര്യയാണ് കടയിലേക്കു കയറി ചായ വാങ്ങിക്കൊടുത്തത്.
ഇത് ബൈക്കിൽചാരിനിന്ന് കുടിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകായിരുന്നു. കൈതവന ഭാഗത്തുനിന്ന് ആലപ്പുഴ ഭാഗത്തേക്കു വന്ന കാർ ആദ്യം ഓട്ടോയിലും പിന്നീട് സ്കൂട്ടറിലും സുധീഷിന്റെ ബൈക്കിലും ഇടിക്കുകയായിരുന്നു.
ഗർഭിണിയായ യുവതി വയറുവേദന അനുഭവപ്പെട്ടതോടെ ഭർത്താവിനും കൈകുഞ്ഞിനും സഹോദരനുമൊപ്പം ആശുപത്രിയിലേക്കു പോകുന്നതിനിടെയായിരുന്നു കാർ അപകടത്തിൽപ്പെട്ടത്.
Tags : Young man dies car crashing vehicles Accident Sudheesh death