കൂത്തുപറമ്പ്: ചെറുവാഞ്ചേരിക്കു സമീപം കണ്ണാടിച്ചാലിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് നേരേ കാട്ടുപോത്തിന്റെ ആക്രമണം.
ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെയാണ് കണ്ണവം ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. ഷൈജു (42) വിനു പരിക്കേറ്റത്. ഇന്നലെ രാവിലെ പതിനൊന്നോടെയാണു സംഭവം.
പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകളാണ് കാട്ടുപോത്തിന്റെ സാന്നിധ്യം പ്രദേശവാസികളെ അറിയിച്ചത്. ഇതേത്തുടർന്നാണു പരിശോധനയ്ക്കായി ഷൈജുവും സംഘവും സ്ഥലത്തെത്തിയത്. അക്രമാസക്തനായ കാട്ടുപോത്ത് ഷൈജുവിനെ ആക്രമിക്കുകയായിരുന്നു.
വയറിനും തലയ്ക്കും പരിക്കേറ്റ ഷൈജുവിനെ ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Tags : Wild buffalo attack Wild buffalo Forest department official injured