കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വർഗപ്രവേശനത്തിന്റെ നൂറാം വാർഷികവും വിശുദ്ധയുടെ തിരുനാളും കുഴിക്കാട്ടുശേരി തീർഥാടനകേന്ദ്രത്തിൽ ഭക്തിനിർഭരമായി ആഘോഷിച്ചു. അനുഗ്രഹം തേടി നാടിന്റെ നാനാഭാഗങ്ങളിൽനിന്നു പതിനായിരങ്ങളാണ് തീർഥാടനകേന്ദ്രത്തിൽ എത്തിയത്. തിരുക്കർമങ്ങളിൽ പങ്കുകൊണ്ടു വിശുദ്ധയുടെ മാധ്യസ്ഥ്യംവഴി ദൈവാനുഗ്രഹം യാചിച്ചും ഊട്ടുനേര്‍ച്ചയിൽ പങ്കെടുത്തുമാണ് തീർഥാടകർ മടങ്ങിയത്.
രാവിലെ 9.30നു തിരുനാൾ ദിവ്യബലിക്ക് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടനും 105 വൈദികരും സഹകാർമികരായി.
ഉച്ചകഴിഞ്ഞു മൂന്നിനു ദിവ്യബലിയെത്തുടർന്ന് വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് അലംകൃതമായ വീഥിയിലൂടെ വാദ്യാഘോഷങ്ങളുടെയും പ്രാർഥനാഗീതങ്ങളുടെയും അകമ്പടിയിൽ നടന്ന പ്രദക്ഷിണത്തിൽ അനേകായിരങ്ങൾ പങ്കുചേർന്നു.
തീർഥാടനകേന്ദ്രത്തിൽ രാവിലെ പുത്തൻചിറ ഫൊറോന വികാരി ഫാ. ബിനോയ് പൊഴോലിപ്പറമ്പിൽ ആശീർവദിച്ച നേർച്ചഭക്ഷണത്തിന്റെ വിതരണം രാത്രി എട്ടുവരെ നീണ്ടു. 35,000 ത്തോളം പേർ ഊട്ടുനേർച്ചയിൽ പങ്കാളികളായി.
ആഘോഷ പരിപാടികൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും കമ്മിറ്റി ചെയർമാനുമായ മോൺ. ആന്റു ആലപ്പാടൻ, തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട്, പ്രമോട്ടർ ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഹോളിഫാമിലി സന്യാസിനീ സമൂഹം സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ്, അഡ്മിനിസ്ട്രേറ്ററും ജനറൽ കൺവീനറുമായ സിസ്റ്റർ എൽസി സേവ്യർ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ വിനയ, ജനറൽ കൺവീനർ അജീഷ് ചക്കാലമറ്റത്ത് പള്ളൻ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളുടെ കൺവീനർമാരും അംഗങ്ങളും നേതൃത്വം നൽകി.
തിരുനാളിന്റെ എട്ടാമിടം 15നുനടക്കും. രാവിലെ 10.30ന് തിരുനാൾ ദിവ്യബലി. തുടർന്ന് പ്രദക്ഷിണം, തിരുശേഷിപ്പുവണക്കം. ഇരിങ്ങാലക്കുട കത്തീഡ്രൽ വികാരി ഫാ. ഡോ. ലാസർ കുറ്റിക്കാടൻ മുഖ്യകാർമികനാകും.