ന്യൂയോർക്ക്: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡെയുടെ ഭാര്യ കാമി ക്ലാർക്കിനെച്ചൊല്ലി പുതിയ വിവാദം. അന്തരിച്ച ശതകോടീശ്വരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ ഇമെയിൽ രേഖകൾ പുറത്തുവന്നതോടെയാണ് കാമി ക്ലാർക്ക് വാർത്തകളിൽ നിറയുന്നത്. സ്ത്രീകൾക്കായി താൻ തുടങ്ങിയ "ലക്ഷറി പോൺ" സംരംഭത്തിനും മറ്റ് സ്റ്റാർട്ടപ്പുകൾക്കും വേണ്ടി എപ്സ്റ്റീനിൽ നിന്ന് നിക്ഷേപം തേടിയെന്നാണ് റിപ്പോർട്ടുകൾ.
2011-ലാണ് കാമി ക്ലാർക്ക് സാഹിത്യ ഏജന്റായ ജോൺ ബ്രോക്ക്മാൻ വഴി എപ്സ്റ്റീനെ പരിചയപ്പെടുന്നത്. തുടർന്ന് തങ്ങളുടെ കമ്പനി നിർമിക്കാൻ ഉദ്ദേശിച്ച ചിത്രങ്ങളുടെ തിരക്കഥയും വിശദാംശങ്ങളും അവർ എപ്സ്റ്റീന് അയച്ചുകൊടുത്തു. 2012-ൽ തന്റെ പോൺ ബിസിനസ്സിലും ഡയറ്റിംഗ് ആപ്പിലും നിക്ഷേപം നടത്താൻ അവർ എപ്സ്റ്റീനോട് അഭ്യർത്ഥിച്ചെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. എപ്സ്റ്റീൻ പണം നൽകിയതായി നിലവിലെ രേഖകളിൽ തെളിവുകളില്ല.
നേവാഡയിൽ ജനിച്ച കാമി ക്ലാർക്ക് ഒരു സംരംഭകയാണ്. മുൻ ഗൂഗിൾ സിഇഒ എറിക് ഷ്മിറ്റുമായി മുൻപ് പ്രണയത്തിലായിരുന്ന കാമി, 2022-ലാണ് ഡാരിയോ അമോഡെയെ വിവാഹം കഴിക്കുന്നത്. അമോഡെയ്ക്ക് എറിക് ഷ്മിറ്റിനെ പരിചയപ്പെടുത്തിക്കൊടുത്തതും കാമിയായിരുന്നു. ഈ ബന്ധമാണ് പിന്നീട് ആന്ത്രോപിക്കിന്റെ തുടക്കത്തിൽ ഷ്മിറ്റിിന്റെ വലിയ നിക്ഷേപത്തിന് വഴിവെച്ചത്.
ആന്ത്രോപിക്കിൽ ഔദ്യോഗിക പദവികളൊന്നുമില്ലെങ്കിലും, കമ്പനിയുടെ നിർണായക തീരുമാനങ്ങളിൽ ഭർത്താവിനും കമ്പനിക്കും തന്ത്രപരമായ ഉപദേശങ്ങൾ നൽകുന്നതിൽ കാമി സജീവ പങ്കുവഹിക്കുന്നുണ്ട്. ദാവോസ് ഉൾപ്പെടെയുള്ള ആഗോള ഉച്ചകോടികളിലും ഡൽഹിയിൽ നടന്ന എഐ ഇംപാക്ട് സമ്മിറ്റിലും അമോഡെയ്ക്കൊപ്പം കാമി പങ്കെടുത്തിരുന്നു.