കോൽക്കത്ത: കോൽക്കത്തയിലെ പ്രശസ്തമായ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികളും ആർഎസ്എസ് അനുകൂല സംഘടനയായ 'അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത്' പ്രവർത്തകരും തമ്മിൽ കടുത്ത സംഘർഷം. അക്രമത്തിൽ നിരവധി വിദ്യാർഥികൾക്കും അധ്യാപകർക്കും ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈബ്രറേറിയനും പരിക്കേറ്റു.
ഞായറാഴ്ച ക്യാമ്പസിലെ പ്രധാന ഓഡിറ്റോറിയത്തിൽ ഗ്രാഹക് പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിദ്യാർഥി സമൂഹത്തെ അറിയിക്കാതെ ഇത്തരമൊരു സംഘടനാ പരിപാടിക്ക് അനുമതി നൽകിയതിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ പോസ്റ്ററുകൾ പതിക്കാൻ എത്തിയതോടെ വാക്കേറ്റമുണ്ടായി.
സംഘാടകർ പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തുകയും വിദ്യാർഥികളെ "ദേശവിരുദ്ധർ" എന്ന് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്ന് വിദ്യാർഥി യൂണിയൻ ആരോപിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് നേരെ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമണമുണ്ടായി. രക്ഷപ്പെടാൻ ലൈബ്രറിയിൽ അഭയം തേടിയ വിദ്യാർഥികളെ അവിടെയെത്തിയും മർദിച്ചതായി വിദ്യാർഥികൾ വ്യക്തമാക്കി.
അതേസമയം, മുൻകൂട്ടി അനുമതി വാങ്ങിയാണ് പരിപാടി സംഘടിപ്പിച്ചതെന്നും വിദ്യാർഥികൾ തങ്ങളുടെ ബാനറുകളും പോസ്റ്ററുകളും കീറിയെറിഞ്ഞ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും എബിജിപി ഭാരവാഹികൾ അവകാശപ്പെട്ടു. സ്ഥിതിഗതികൾ ശാന്തമാക്കാൻ വൻ പൊലിസ് സംഘം ക്യാമ്പസിനു മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യവുമായി ക്യാമ്പസിനുള്ളിൽ പ്രതിഷേധം ശക്തമാണ്.