കാൻസർ ചികിത്സാരംഗത്തു വിപ്ലവകരമായ മുന്നേറ്റം. ചർമത്തെ ബാധിക്കുന്ന മെലനോമ എന്ന മാരക കാൻസറിനെ പ്രതിരോധിക്കാൻ വാക്സിൻ നിർമിച്ചിരിക്കുകയാണു ഗവേഷകർ. പ്രമുഖ ഔഷധ നിർമാതാക്കളായ മോഡേണയും മെർക്കും സംയുക്തമായാണു വ്യക്തിഗത കാൻസർ വാക്സിൻ വികസിപ്പിച്ചത്.
മെലനോമ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതാലും വീണ്ടും വരാൻ സാധ്യതയേറെയാണ്. ഇപ്പോഴുള്ള ഇമ്യൂണോതെറപ്പി ചികിത്സാരീതിക്കൊപ്പമാണ് വാക്സിൻ നൽകിയത്. ഇവരിൽ, രോഗം വീണ്ടും വരാനുള്ള സാധ്യതയും മരണനിരക്കും ഗണ്യമായി കുറഞ്ഞു. ക്ലിനിക്കൽ പരീക്ഷണഫലങ്ങളുടെ അടിസ്ഥാനത്തിലാണു ഗവേഷകർ ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് വാക്സിനുകളിൽ ഉപയോഗിച്ച എംആർഎൻഎ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിച്ചത്.
ഓരോ രോഗിയുടെയും ട്യൂമറിലെ ജനിതകഘടന പരിശോധിക്കുകയും, വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞുമാണ് വാക്സിൻ നിർമാണം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗിയുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിച്ച്, കാൻസർ കോശങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് ആക്രമിക്കാൻ പ്രാപ്തമാക്കുകയാണു ചെയ്യുന്നത്. ലോകമെമ്പാടുമുള്ള വിവിധ കേന്ദ്രങ്ങളിലായി ആയിരത്തിലധികം രോഗികളെ പങ്കെടുപ്പിച്ചാണ് മൂന്നാംഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്.
ആശ്വാസകരമായ പരീക്ഷണഫലങ്ങളാണെങ്കിലും, ചില പരിമിതികളും ഇതിനുണ്ട്. സമാനരീതിയിൽ മറ്റുചില കാൻസർ വിഭാഗങ്ങളിൽ പരീക്ഷിച്ചപ്പോൾ പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. വാസ്കിൻ രോഗികളിലേക്കെത്താൻ ഇനിയും കാലതാമസമെടുക്കുമെന്നു ഗവേഷകർ വ്യക്തമാക്കി.