അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ടാക്സി കാറിന് തീപിടിച്ചു. വ്യാഴാഴ്ചയുണ്ടായ സംഭവത്തിൽ കാറിലുണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഹൈദരാബാദിൽനിന്ന് എത്തിയ ദമ്പതികൾ മൂന്നാറിലേക്ക് ടാക്സി കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
കൊല്ലം സ്വദേശിയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഡ്രൈവർ സീറ്റിന് സമീപത്തുനിന്ന് പുകയുടെ ഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ വാഹനം നിർത്തുകയായിരുന്നു. തുടർന്ന് കാറിൽ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ദമ്പതികളെ ഉടൻ സുരക്ഷിതമായി പുറത്തിറക്കി. ഇവരുടെ ബാഗുകളും മറ്റ് സാധനങ്ങളും വാഹനത്തിൽനിന്ന് മാറ്റിയതിനു പിന്നാലെ തീ ആളിപ്പടരുകയായിരുന്നു.
അഞ്ച് മിനിറ്റിനുള്ളിൽ വാഹനം പൂർണമായും കത്തിയമരുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അടിമാലി, നേര്യമംഗലം എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്.