ആറ്റിങ്ങൽ: രാത്രി ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനു മുന്നിലേക്ക് ചാടി വാഹനം തടയുവാൻ ശ്രമിച്ച എംവിഡി ഉദ്യോഗസ്ഥനെ ഇടിച്ച് കാർ. ദേശീയപാതയിൽ ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ വ്യാഴാഴ്ച രാത്രി ഒന്പതിനാണ് സംഭവം.
ആലംകോട് ഭാഗത്തുനിന്ന് എത്തിയ മാരുതി സ്വിഫ്റ്റ് കാർ കച്ചേരി ജംഗ്ഷനിൽ വെച്ച് ബിടിഎസ് റോഡിലേക്ക് തിരിഞ്ഞു.
വാഹനത്തിലെ മോഡിഫിക്കേഷൻ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എംവിഡി ഉദ്യോഗസ്ഥൻ വാഹനം നിർത്താൻ കൈകാണിച്ചെങ്കിലും ഡ്രൈവർ വാഹനം നിർത്താതെ തിരുവനന്തപുരം ഭാഗത്തേക്ക് ഓടിച്ചു പോകുവാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഈ ഭാഗത്ത് നിന്ന എംവിഡി ഉദ്യോഗസ്ഥൻ വാഹനം തടയുവാൻ കാറിനു മുന്നിലേക്ക് ചാടിയിറങ്ങുകയായിരുന്നു. ഉദ്യോഗസ്ഥനെ ഇടിച്ചാണ് കാർ നിന്നുന്നത്. ഇദ്ദേഹം കാറിന്റെ ബോണറ്റിലേക്ക് വീണു.
മണനാക്ക് സ്വദേശി ആഷിക്കാണ് കാർ ഓടിച്ചിരുന്നത്. വാഹനത്തിലെ മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് സംഭവം. ഉദ്യോഗസ്ഥന് പരിക്കുകളൊന്നുമില്ല. എന്നാൽ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി 42000 രൂപയുടെ പിഴയാണ് മോട്ടോർ വാഹന വകുപ്പ് ചുമത്തിയത്. ഇതിനുപുറമെ, അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും എംവിഡി ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം രാത്രി വാഹനത്തിനു മുന്നിലേക്ക് എടുത്തുചാടിയുള്ള വാഹനം തടയലും വാഹന പരിശോധനയും പുതിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഉദ്യോഗസ്ഥനടപടിയെ വിമർശിച്ച് ജനപ്രതിനിധികൾ ഉൾപ്പെടെ രംഗത്ത് വന്നു.