ഗുജറാത്തിലെ മോർബിയിൽ കാറിലെ സെൻസർ ശബ്ദം മൂലം ഉണ്ടായ ദേഷ്യത്തിൽ അയൽവാസിയുടെ വാഹനം കത്തിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. വാഗ്പാറ സ്വദേശിയായ ശിഖർ ഗോഹെൽ ആണ് ഒക്ടോബർ 28-ന് ഈ ക്രൂരകൃത്യം നടത്തിയത്.
അഭിഭാഷകയായ പുഷ്പ ഭട്ടിന്റെ ഉടമസ്ഥതയിലുള്ള മാരുതി സുസൂക്കി സ്വിഫ്റ്റ് കാറാണ് കത്തിച്ചത്. സംഭവദിവസം വൈകുന്നേരം വീടിനുമുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിൽ പ്രതി പെട്രോൾ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു.
വാഹനം കത്തിനശിക്കുന്നത് കണ്ട് ഭയന്നോടുന്നതിന് പകരം, ഇയാൾ മൊബൈൽ ഫോണിൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത് ഏവരിലും ഞെട്ടലുണ്ടാക്കി. പിന്നീട് മറ്റൊരു കാറിൽ കയറി ഇയാൾ സ്ഥലം വിടുകയും ചെയ്തു. സമീപത്തെ സിസിടിവി ക്യാമറകളിൽ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞിട്ടുണ്ട്.
ആളുകളോ മൃഗങ്ങളോ സമീപത്ത് എത്തുമ്പോഴൊക്കെ കാറിലെ സെൻസർ അലാറം മുഴക്കുന്നത് പതിവായിരുന്നു. ഈ ശബ്ദം നിരന്തരം കേട്ട് മാനസികമായി തകർന്നതാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലിസിനോട് സമ്മതിച്ചു.
അപകടത്തിൽ കാർ പൂർണമായി കത്തിനശിക്കുകയും മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ മോർബി പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ ആരംഭിച്ചു.