കണ്ണൂർ: സിപിഎം നേതാവ് പി.പി.ദിവ്യയുമായി സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്ന് കാർട്ടൺ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫ്. ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം നടത്തുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന് വഴിവിട്ട കരാറുകളൊന്നും ലഭിച്ചിട്ടില്ല.
ദിവ്യയുടെ ഭർത്താവുമായി ചേർന്ന് ഭൂമി വാങ്ങിയിട്ടില്ലെന്നും താൻ ആർക്കും സമ്മാനമോ പണമോ നൽകിയിട്ടില്ലെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു. കമ്പനിയെ ദിവ്യയുടെ ബെനാമി സ്ഥാപനമായി ചിത്രീകരിക്കുന്ന ആരോപണങ്ങൾ തെളിയിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. പി.പി. ദിവ്യയുടെ ബെനാമി കമ്പനിയാണ് കാർട്ടൺ ഇന്ത്യയെന്ന് തെളിയിച്ചാൽ കെഎസ്യുവിന് ഒരുകോടി രൂപ ഇനാം നൽകുമെന്നും മുഹമ്മദ് ആസിഫ് പറഞ്ഞു.
കമ്പനിയും പി.പി.ദിവ്യയും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എംഡിയുടെ പ്രതികരണം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ ഇല്ലാതെ കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണ കരാർ നൽകിയെന്നാണ് പരാതി.