കണ്ണൂർ: പി.പി.ദിവ്യ ഉൾപ്പെട്ട കാർട്ടൺ ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട കരാർ വിവാദത്തിൽ കമ്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ആസിഫിന്റെ വാദങ്ങൾ പൊളിയുന്നു. മുഹമ്മദ് ആസിഫിന്റേതെന്ന് ആരോപിക്കപ്പെടുന്ന ശബ്ദസന്ദേശവും പണമിടപാടുകളുടെ സ്ക്രീൻഷോട്ടുകളും പുറത്തുവന്നു. പി.പി. ദിവ്യയുടെ സഹോദരൻ അനൂപിനും ഡ്രൈവർ വൈശാഖിനും പണം അയച്ചതായി സൂചിപ്പിക്കുന്ന സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്.
എന്നാൽ ആസിഫിൽനിന്ന് പണം വാങ്ങിയിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ഷാജിറിന് പണം നൽകിയതായും സ്ക്രീൻഷോട്ടുകളിലുണ്ട്. കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ മുൻ ഭാരവാഹികൾക്ക് പണം നൽകിയതായും ശബ്ദസന്ദേശത്തിലുണ്ട്. മുൻ പ്രസിഡന്റ് ബേബി ബാലകൃഷ്ണന്റെയും മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റെയും പേരുകൾ സന്ദേശത്തിലുണ്ട്.
ഷാനവാസ് പാദൂരിന് മൂന്ന് ലക്ഷം രൂപ നൽകുമെന്നും പണം ആവശ്യപ്പെട്ട് ഷാനവാസ് ശല്യം ചെയ്യുന്നുവെന്ന ആരോപണവും ശബ്ദസന്ദേശത്തിലുണ്ട്. ബേബി ബാലകൃഷ്ണന്റെ മകന്റെ അക്കൗണ്ടിലേക്ക് പണം അയച്ചതായി സൂചിപ്പിക്കുന്ന യുപിഐ ഇടപാടിന്റെ സ്ക്രീൻഷോട്ടും പുറത്തുവന്നിട്ടുണ്ട്. അതേസമയം ശബ്ദം തന്റേതല്ലെന്ന് കാർട്ടൺ ഇന്ത്യ അലയൻസ് എംഡി മുഹമ്മദ് ആസിഫ് വ്യക്തമാക്കി. പണം വാങ്ങിയിട്ടില്ലെന്ന് ബേബി ബാലകൃഷ്ണനും ഷാനവാസ് പാദൂരും പറഞ്ഞു.
പി.പി. ദിവ്യയുടെ ബെനാമി കമ്പനിയാണെന്ന ആരോപണം നേരിടുന്ന സ്ഥാപനമാണ് കാർട്ടൺ ഇന്ത്യ അലയൻസ്. പി.പി. ദിവ്യയുമായി യാതൊരു ബന്ധവുമില്ലെന്നും പണം കൈമാറിയതായി പ്രചരിക്കുന്ന ബാങ്ക് രേഖകൾ വ്യാജമാണെന്നും മുഹമ്മദ് ആസിഫ് നേരത്തെ അവകാശപ്പെട്ടിരുന്നു. കമ്പനി ദിവ്യയുടെ ബെനാമിയാണെന്ന് തെളിയിച്ചാൽ ഒരു കോടി രൂപ നൽകാൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.