പത്തനംതിട്ട: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ 15 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതിക്ക് ജീവപര്യന്തം തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. അയിരൂര്‍ വില്ലേജ് വെള്ളിയറ കടമാന്‍കുഴി കോളനിയില്‍ കടമാന്കുഴിയില് രാജീവ് (മുത്തു -52)നെയാണ് പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജ് ഡോണി തോമസ് വര്‍ഗീസ് ശിക്ഷിച്ചത്.
2010 നവംബര്‍ ഒന്നിനാണ് പ്രതി തന്റെ ഭാര്യയായ സിന്ധുവിനെ (34) തീകൊളുത്തി കൊലപ്പെടുത്തിയത്. ആലപ്പുഴ ജില്ലയിലെ മണിമല മേനോന് വീട്ടില്‍ ചന്ദ്രശേഖരമേനോന്റെ മകളാണ് സിന്ധു.
സംഭവത്തെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത പ്രതി, 2011 നവംബര്‍ 30ന് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് 2024 ഡിസംബര്‍ 16ന് അന്നത്തെ കോയിപ്രം സിഐ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി. എഎസ്ഐ ഷിബുരാജ്, എസ്സിപിഒ ജോബിന് ജോണ്‍, സിപിഒ അരുണ്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ജാമ്യത്തിലിറങ്ങി വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ പ്രതിയെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയനാക്കിയ പൊലിസ് സംഘത്തിന്റെ ഇടപെടല്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതിനും ശിക്ഷ ലഭിക്കുന്നതിനും നിര്‍ണായകമായി. പബ്ലിക് പ്രോസിക്യൂട്ടര്‍ സന്ധ്യ ടി. വാസു ഹാജരായി. പ്രോസിക്യൂഷന് എയ്ഡായി ശൈലജാദേവിയും സ്റ്റേഷന് പ്രോസിക്യൂഷന് എയ്ഡായി അഖിലും നടപടികളില്‍ പങ്കെടുത്തു.