ന്യൂഡൽഹി: സെൻസസ് ചോദ്യാവലിയിൽ ജാതി തെരഞ്ഞെടുക്കാൻ നേരത്തേ തയാറാക്കിയ പട്ടിക (ഡ്രോപ് ഡൗൺ ലിസ്റ്റ്) ഇല്ലാത്തതിൽ വിമർശനവുമായി കോൺഗ്രസ്.
സെൻസസിൽ ജാതി ഏതെന്ന തുറന്ന ചോദ്യം ചോദിക്കുന്നതിലൂടെ ഒരേ ജാതിയുടെ വ്യത്യസ്ത പേരുകൾ, ഉപജാതികൾ, അക്ഷരവിന്യാസങ്ങൾ എന്നിവ രേഖപ്പെടുത്തേണ്ടിവരുമെന്നും അതുവഴി മുഴുവൻ ജാതി സെൻസസ് പ്രക്രിയയും പരാജയപ്പെടുകയാണ് പ്രധാനമന്ത്രിക്കു വേണ്ടതെന്നു തോന്നുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറ്റപ്പെടുത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിഷയം സംബന്ധിച്ച് സംയുക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്ത് എഴുതിയിട്ടുണ്ടെങ്കിലും പ്രതികരണമൊന്നും ലഭിച്ചിട്ടില്ലെന്നു ജയ്റാം പറഞ്ഞു.
നിലവിലെ സെൻസസ് ചോദ്യാവലി റദ്ദാക്കണമെന്നും ജാതികളുടെ സാക്ഷ്യപ്പെടുത്തിയ പട്ടികയെ അടിസ്ഥാനമാക്കി ഒരു പുതിയ ചോദ്യാവലി തയാറാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നതായി ജയ്റാം ചൂണ്ടി ക്കാട്ടി.