District News
കോട്ടയം: അമയന്നൂർ മലങ്കര സുറിയാനി കത്തോലിക്ക പള്ളിക്ക് മീനടത്തുനിന്നു ഹൃദയം തൊട്ട ഒരു നന്ദിക്കുറിപ്പ്. തിരുനാളിന്റെ ചെലവുകൾ പരമാവധി ചുരുക്കി മിച്ചംപിടിച്ച തുക അമയന്നൂർ ഇടവകക്കാർ മീനടം സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി നിർമാണത്തിനു കൈമാറിയ കരുതലിനാണ് മീനടം ഇടവക ഹൃദയം നിറഞ്ഞു നന്ദിയർപ്പിച്ചത്.
കാർഷിക ഗ്രാമമായ മീനടത്ത് നാനാജാതി മതസ്ഥരുടെ മനസിൽ ഇടം നേടിയ സെന്റ് ജോർജ് പള്ളി തിരുവല്ല അതിരൂപതയുടെ കീഴിലാണ്. വലിയ സാന്പത്തിക പിൻബലമൊന്നുമില്ലാത്ത ഇടവക പരിമിതികൾക്കുള്ളിൽനിന്നുകൊണ്ടാണ് കഴിഞ്ഞ വർഷം പുതിയ പള്ളിയുടെ നിർമാണം ആരംഭിച്ചത്. ഈ ദൗത്യത്തിന് ഒരു കൈത്താങ്ങുമായാണ് അമയന്നൂർ ഇടവകക്കാർ എത്തിയത്. അമയന്നൂർ പള്ളി വികാരി ഫാ. മാത്യു ചിറയിൽ, ട്രസ്റ്റി ഏബ്രഹാം മാത്യു ചുണ്ടേവാലേൽ, സെക്രട്ടറി ഡെന്നിസ് ജേക്കബ് ഇരട്ടവനാൽ, കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ഈ തീരുമാനമെടുത്തത്.
അമയന്നൂർ സെന്റ് മേരീസ് പള്ളിയുടെ 85- മത് തിരുനാൾ ദിനത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കൂരിയ ബിഷപ് ഡോ.ആന്റണി മാർ സിൽവാനോസിൽനിന്നു മീനടം സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളി വികാരി ഫാ.സൈജു കുര്യൻ ഒഐസി, ട്രസ്റ്റി റെജി വി.സി. വയലിക്കൊല്ലാട്ട്, സെക്രട്ടറി പി.യു. എബ്രഹാം ഓലിക്കരപീടികയിൽ എന്നിവർ ചേർന്നു തുക സ്വീകരിച്ചു.
Kerala
കൊച്ചി: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജസ്റ്റീസ് ജെ. ബി. കോശി കമ്മീഷന്റെ ശിപാർശയുടെ നടപ്പാക്കൽ എന്ന നിലയിൽ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയം അവതരിപ്പിച്ചതിനോടുള്ള കത്തോലിക്ക സഭയുടെ നിലപാട് അറിയിച്ചു. അതിവേഗത്തിൽ നടപ്പിലാക്കേണ്ട ഒരു നിർദേശമോ നടപടിയോ അല്ല ഇതെന്നാണ് സഭ ചൂണ്ടിക്കാട്ടിയത്. ആവശ്യമായ കൂടിയാലോചനകളിലൂടെ നടപ്പിലാക്കേണ്ട നിർദേശമാണ്. കാരണം, കേരളത്തിലെ ക്രൈസ്തവസഭകളിൽ മതബോധനം അഥവാ വിശ്വാസ പരിശീലനം വ്യത്യസ്തമായ രീതികളിലും മാർഗങ്ങളിലുമാണ് നടന്നുവരുന്നത്. വിപുലമായ ഈ മേഖലയെ പറ്റി ന്യൂനപക്ഷ വകുപ്പ് ഏതെങ്കിലും വിധത്തിലുള്ള പഠനം നടത്തിയതായി അറിവില്ല.
സർക്കാർ വിഭാവനം ചെയ്യുന്ന ക്ഷേമനിധിയുടെ വിശദവും പൂർണവുമായ ഡ്രാഫ്റ്റ് ചർച്ചകൾക്കും പഠനത്തിനുമായി നല്കണമെന്നു കത്തോലിക്കാ സഭാ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. എങ്കിലും, നിലവിലുള്ള മദ്രസ ക്ഷേമനിധിയുടെ വിജ്ഞാപനം അയച്ചു നൽകിയ ശേഷം അതിന്റെ അധ്യായം ആറിലെ (ഖണ്ഡിക 17 - 27) ക്ഷേമനിധി അനുകൂല്യങ്ങളെകുറിച്ചുള്ള അഭിപ്രായം ജനുവരി 16നകം അറിയിക്കണം എന്നാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് കത്തിലൂടെ ക്രൈസ്തവ സഭകളോട് ആവശ്യപ്പെട്ടത്.
ഉള്ളടക്കം വെളിപ്പെടുത്തിയില്ല
മതാധ്യാപകരെക്കുറിച്ചുള്ള നിർവചനം, അംഗത്വം, പദ്ധതികളുടെ നടത്തിപ്പ്, ഭരണസംവിധാനം, സാമ്പത്തിക സമാഹരണം തുടങ്ങിയവയെ കുറിച്ചുള്ള ഒരു വിവരവും ഇതുവരെയും ലഭ്യമാക്കാതെ, ക്ഷേമനിധി ആനുകൂല്യങ്ങളെകുറിച്ച് മാത്രം അഭിപ്രായം ആരായുന്ന സർക്കാർ നീക്കത്തോട് സഹകരിക്കാനാവില്ല. ഈ പദ്ധതിയുടെ ഘടനയോ ഉള്ളടക്കമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറിയാത്ത ഒന്നിനെകുറിച്ച് അഭിപ്രായം പറയുക അസാധ്യമാണ്. വിഭാവനം ചെയ്യുന്ന ക്ഷേമനിധി ബില്ലിന്റെ ഡ്രാഫ്റ്റ് പൂർണമായും ലഭ്യമാക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കുകയും അതിന്മേൽ ചർച്ചകൾക്കും പഠനത്തിനും ആവശ്യമായ സമയം ക്രൈസ്തവ സഭകൾക്കു ലഭ്യമാക്കുകയും ചെയ്യണം.
വേണ്ടത് ദുർബല വിഭാഗങ്ങൾക്ക് സഹായം
കത്തോലിക്കാ സഭയിലെ വിശ്വാസ പരിശീലനം സമർപ്പിത സ്വഭാവമുള്ള ഒരു സേവനമാണ്, അതൊരിക്കലും ഒരു ജോലിയായി/ തൊഴിലായി സഭ കരുതുന്നില്ല. യാതൊരു വിധത്തിലുമുള്ള വേതനമോ പാരിതോഷികമോ അവർ സ്വീകരിക്കുന്നുമില്ല. സഭയുടെ സുവിശേഷ പ്രഘോഷണദൗത്യത്തിൽ പൂർണമനസ്സോടെ പങ്കാളികളാകുന്ന പ്രേഷിതരാണ് മതാധ്യാപകർ അഥവാ വിശ്വാസ പരിശീലകർ.
മതപഠനം പൂർണമായും സഭയുടെ (അതതു മതങ്ങളുടെ) സ്വകാര്യ ഉത്തരവാദിത്വം ആയതിനാലും അതിൻമേൽ സർക്കാർ ചെലവിലുള്ള ആനുകൂല്യങ്ങൾ സ്വീകരിക്കേണ്ടതില്ല എന്ന നിലപാട് സഭ പുലർത്തുന്നതിനാലും സർക്കാരിന്റെ സൺഡേ സ്കൂൾ ക്ഷേമനിധി എന്ന ആശയത്തോട് കത്തോലിക്കാ സഭ അനുകൂല നിലപാട് സ്വീകരിക്കുന്നില്ല. അതേസമയം, ക്രൈസ്തവ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ക്ഷേമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ സർക്കാർ തയാറാകണം.
പിൻമാറണം
വേണ്ടത്ര ആലോചനയോ ചർച്ചകളോ കൂടാതെ തിടുക്കത്തിൽ ഒരു ഓർഡിനൻസിലൂടെ സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധി നടപ്പിൽ വരുത്താൻ സർക്കാർ തലത്തിൽ തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽനിന്നു പിൻമാറണമെന്നു കേരള സർക്കാരിനോടു കത്തോലിക്ക സഭ ആവശ്യപ്പെട്ടു. കെസിബിസിയുടെ ഭാരവാഹികളായ ബിഷപ്പുമാരുടെ നേതൃത്വത്തിൽ കത്തോലിക്കാസഭയിലെ മൂന്നു റീത്തിലെയും ഔദ്യോഗിക പ്രതിനിധികൾ യോഗം ചേർന്നാണ് വിഷയത്തിൽ തീരുമാനമെടുത്തതെന്ന് കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ പ്രസ്താവനയിൽ അറിയിച്ചു.
Leader Page
രണ്ട് സഹസ്രാബ്ദങ്ങളുടെ മഹാജൂബിലിക്കുശേഷം 25 വർഷംകൂടി പിന്നിടുമ്പോൾ കത്തോലിക്കാ സഭയുടെ കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ വളർച്ചയിലേക്കും തളർച്ചയിലേക്കും ഭാവിപ്രതീക്ഷകളിലേക്കുമുള്ള എത്തിനോട്ടം ഏറെ പ്രസക്തമാവുകയാണ്. കത്തോലിക്കാ സഭ അടിസ്ഥാനപരമായി ഒരു ആത്മീയ യാഥാർഥ്യമാണെങ്കിൽപോലും ആധുനിക ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള, സുസംഘടിതമായ ഒരു അന്താരാഷ്ട്ര സാമൂഹിക സാംസ്കാരിക സംവിധാനം കൂടിയാണ്. കത്തോലിക്കാ സഭയെപ്പോലെ ലോകരാഷ്ട്രങ്ങളുടെ അതിർത്തികൾക്കതീതമായി മനുഷ്യനെയും അവന്റെ ധാർമിക വീക്ഷണത്തെയും ശക്തമായി സ്വാധീനിക്കാനും ഒരുമിപ്പിച്ചു നിർത്താനും ശക്തിയും കരുത്തുമുള്ള മറ്റൊരു സംവിധാനവും ഒരു കാലത്തും ലോകത്ത് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കത്തോലിക്കാ സഭയുടെ കാൽ നൂറ്റാണ്ടിന്റെ ഉയർച്ചതാഴ്ചകൾ ലോകചരിത്രത്തിന്റെ പ്രസക്തമായ ഭാഗമാണ്.
ജനസംഖ്യാ വ്യതിയാനങ്ങൾ
കഴിഞ്ഞ 25 വർഷങ്ങളിൽ ശ്രദ്ധേയമായ ജനസംഖ്യാ വ്യതിയാനങ്ങൾക്ക് കത്തോലിക്കാ സഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ആഗോളസഭയുടെ അംഗസംഖ്യയിൽ ഗണ്യമായ വളർച്ചയുണ്ടായി. 25 വർഷം മുമ്പ് ഏതാണ്ട് 100 കോടി അംഗങ്ങൾ ഉണ്ടായിരുന്ന സഭയിൽ ഇന്ന് 134 കോടി അംഗങ്ങളാണുള്ളത്. എന്നാൽ, ശ്രദ്ധേയമായ കാര്യം യൂറോപ്പിലും നോർത്ത് അമേരിക്കയിലും വിശ്വാസികളുടെ എണ്ണത്തിൽ കുറവ് വന്നപ്പോൾ ആഫ്രിക്കയിലും ഏഷ്യയിലും ലാറ്റിൻ അമേരിക്കയിലും വളരെ ശക്തമായ വളർച്ച രേഖപ്പെടുത്തി എന്നതാണ്. 72 ശതമാനം കത്തോലിക്കർ ഇപ്പോൾ യൂറോപ്പിന് പുറത്തുള്ളവരാണ്. സഭയുടെ ശക്തിയും ശ്രദ്ധയും യൂറോപ്പിനു പുറത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ് പുതിയ ട്രെൻഡ്. ഏഷ്യയും ആഫ്രിക്കയും കേന്ദ്രമാക്കിയുള്ള സഭയുടെ ഈ പുതിയ വളർച്ചാശൈലി സഭയുടെതന്നെ സാമൂഹിക വീക്ഷണത്തെയും സംസ്കാരത്തെയും നേതൃ ശൈലിയെയും സാരമായി സ്വാധീനിക്കുകതന്നെ ചെയ്യും.
International
ഗാസ: ഗാസയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഖേദപ്രകടനം നടത്തി ഇസ്രയേൽ. വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തിൽ ആഴത്തിൽ ഖേദിക്കുന്നതായും നിഷ്കളങ്കമായ ഓരോ മരണവും ദുരന്തമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇസ്രയേൽ വ്യക്തമാക്കി.
ദേവാലയത്തിനു നേരെയുണ്ടായ ആക്രമണം തെറ്റായിപ്പോയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോടും വിശദമാക്കി. ആക്രമണത്തിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ ഖേദം പ്രകടിപ്പിച്ചിരുന്നു. മാർപ്പാപ്പയുടെ ആശ്വാസ വാക്കുകളോട് നെതന്യാഹുവിന്റെ ഓഫീസ് നന്ദി പ്രകടിപ്പിച്ചു. ഇസ്രയേൽ സൈന്യവും ആക്രമണം അബദ്ധത്തിലുണ്ടായെന്നാണ് വിശദമാക്കുന്നത്.
ഗാസയിലെ ഹോളി ഫാമിലി കത്തോലിക്കാ പള്ളിക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ഷെല്ലാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. 60 വയസുള്ള കെയർടേക്കറും 84 വയസുള്ള സ്ത്രീയും ആണു കൊല്ലപ്പെട്ടത്.
ഗാസയിലെ ഏക കത്തോലിക്കാ പള്ളിയാണ് ആക്രമിക്കപ്പെട്ടത്. പള്ളി വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി ഉൾപ്പെടെ രണ്ടു പേർക്കു പരിക്കേറ്റു. ഫ്രാൻസിസ് മാർപാപ്പയുടെ ഉറ്റ സുഹൃത്തായിരുന്നു ഫാ. റൊമാനെല്ലി. ഗാസാ യുദ്ധത്തിനിടെ ഫ്രാൻസിസ് മാർപാപ്പയും ഫാ. റൊമാനെല്ലിയും ദിവസവും സംസാരിച്ചിരുന്നു. ഫാ. റൊമാനെല്ലിയുടെ പരിക്ക് സാരമുള്ളതല്ല.
ക്രൈസ്തവരും മുസ്ലിംകളും അടക്കം നൂറുകണക്കിനു പലസ്തീൻകാർ അഭയം തേടിയിരിക്കുന്ന പള്ളിവളപ്പിൽ ഇസ്രേലി ഷെല്ലിംഗിൽ നാശനഷ്ടമുണ്ടായി. നിരവധി കുട്ടികളും ഭിന്നശേഷിക്കാരും ഇവിടെ കഴിയുന്നുണ്ട്. അൽ-അഹ്ലി ആശുപത്രിയുടെ തൊട്ടടുത്തായാണ് ഹോളി ഫാമിലി പള്ളി സ്ഥിതി ചെയ്യുന്നത്.