ഫിലഡൽഫിയ: ‘ഒരേ വിശ്വാസം, പല പാരമ്പര്യങ്ങൾ, ഒരു കുടക്കീഴിൽ’ എന്ന മഹത്സന്ദേശം ഉയർത്തിക്കാട്ടി ഒക്ടോബർ 10 ശനിയാഴ്ച ഫിലാഡൽഫിയയിൽ നടന്ന കേരള കത്തോലിക്കാ സ്നേഹകൂട്ടായ്മയുടെ ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷം വർണാഭമായി.
ഒരേ ക്രൈസ്തവവിശ്വാസത്തിലൂന്നി തനതായ പാരമ്പര്യങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുന്ന സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കത്തോലിക്കർ വിശ്വാസനിറവിൽ അണിനിരന്ന് ഒരുമയുടെ കാഹളം മുഴക്കിയത് ശ്രദ്ധേയമായിരുന്നു.
ഒക്ടോബർ 10 ശനിയാഴ്ച വിശാല ഫിലാഡൽഫിയ റീജണിലെ കേരള കത്തോലിക്കരുടെ സ്നേഹകൂട്ടായ്മയായ ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ (ഐഎസിഎ) ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ദിനവും അസോസിയേഷന്റെ 48-ാം വാർഷികവും സംയുക്തമായി ആഘോഷിച്ചത് അസോസിയേഷന്റെ ചരിത്രതാളുകളിൽ ഇടംപിടിച്ചു. സീറോമലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന മെത്രാപ്പോലീത്താ അഭിവന്ദ്യ ഫീലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനി ആയിരുന്നു മുഖ്യാതിഥി.
സെന്റ് തോമസ് സീറോമലബാർ ദേവാലയകവാടത്തിൽ അഭിവന്ദ്യ ഫീലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനിക്ക് അസോസിയേഷൻ ഭാരവാഹികൾ സ്വീകരണം നൽകി. നാലുമണിക്ക് തിരുമേനിയുടെ നേതൃത്വത്തിൽ മലങ്കരറീത്തിൽ അർപ്പിക്കപ്പെട്ട കൃതജ്ഞതാബലിയിൽ ഫിലാഡൽഫിയ ഇൻഡ്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ലെനിൻ ഫെർണാണ്ടസ്, സെന്റ് ജൂഡ് സീറോ മലങ്കരപള്ളി വികാരി റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, സെ. തോമസ് സീറോമലബാർ പള്ളി വികാരി റവ. ഡോ. ജോർജ് ദാനവേലിൽ, സെ. ജോൺ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ റവ. ഫാ. ബിപ്പി മാത്യു തറയിൽ എന്നിവർ സഹകാർമ്മികരായി.
2026 ൽ വിവാഹിതരായ ദമ്പതിമാരെയും, രജതജൂബിലി, സുവർണജൂബിലി എന്നീ വിശേഷാൽ വിവാഹവാർഷികങ്ങൾ ആഘോഷിക്കുന്ന ദമ്പതിമാരെയും ദിവ്യബലിമദ്ധ്യേ അഭിവന്ദ്യ ഫീലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനി ആശീർവദിക്കുകയും, ഐഎസിഎ വക പാരിതോഷികങ്ങൾ നൽകി അഭിനന്ദിക്കുകയും ചെയ്തു.
ബലിയർപ്പണത്തെത്തുടർന്നു ഐഎസിഎ പ്രസിഡന്റ് തോമസ് സൈമണിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം അഭിവന്ദ്യ ഫീലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് തോമസ് സൈമൺ അധ്യക്ഷപ്രസംഗം നടത്തി. അസോസിയേഷൻ ഡയറക്ടർമാരും, അംഗദേവാലയവികാരിമാരുമായ റവ. ഫാ. ലെനിൻ ഫെർണാണ്ടസ്, റവ. ഫാ. ബാബു മഠത്തിൽപറമ്പിൽ, റവ. ഡോ. ജോർജ് ദാനവേലിൽ, റവ. ഫാ. ബിപ്പി മാത്യു തറയിൽ എന്നിവർ ആശംസകൾനേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി ചാർലി ചിറയത്ത് സ്വാഗതവും, ജോ. ട്രഷറർ ഫിലിപ്പ് (ബിജു) ജോൺ നന്ദിയും പ്രകാശിപ്പിച്ചു.
ആദ്ധ്യാത്മിക, സാമൂഹിക മേഖലകളിൽ സേവനത്തിന്റെ 48 സംവൽസരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയായുടെ കാരുണ്യപ്രവർത്തികളുടെ ഭാഗമായി സ്വരൂപിച്ച പുതിയതും, അധികം ഉപയോഗിക്കാത്തതും, മുഷിയാത്തതുമായ അമേരിക്കൻ വസ്ത്രങ്ങളും, ബെഡ് ഷീറ്റുകളും, കമ്പിളി വസ്ത്രങ്ങളും ഗോസ്പൽ മിഷൻ കേന്ദ്രത്തിനു ദാനം ചെയ്യുകയുണ്ടായി.
കൾച്ചറൽ പ്രോഗ്രാമിന്റെ ഭാഗമായി ഫിലാഡൽഫിയയിലെ ഡാൻസ് സ്കൂൾ അവതരിപ്പിച്ച നൃത്തങ്ങൾ, യുവജനങ്ങൾ അവതരിപ്പിച്ച ഫ്യൂഷൻ ചെണ്ടമേളം, ശ്രുതിമധുരമായ ഗാനങ്ങൾ എന്നിവ കാണികൾ നന്നായി ആസ്വദിച്ചു. സ്വപ്ന സജി സെബാസ്റ്റ്യൻ, മെർലിൻ അഗസ്റ്റിൻ എന്നിവർ അവതാരകരായി. സ്നേഹവിരുന്നോടെ ഇൻഡ്യൻ കത്തോലിക്കരുടെ ശ്രേഷ്ഠമായ പൈതൃകവും, പാരമ്പര്യങ്ങളും ഒത്തുചേർന്ന ഹെറിറ്റേജ് ദിനാഘോഷങ്ങൾക്ക് തിരശ്ശീല വീണു.