കൊട്ടിയം : കൂട്ടിക്കടയില്‍ റെയില്‍വേ മേല്‍പ്പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ചുവപ്പുനാടയില്‍ കുരുങ്ങിയതോടെ നാട്ടുകാരുടെ ദുരിതത്തിന് ഉടനേയൊന്നും അവസാനമുണ്ടാകില്ലെന്ന് ഉറപ്പായി. റെയില്‍വേ വികസനത്തിനായി സ്ഥലം ഏറ്റെടുത്തിട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.
ഇത് പ്രദേശവാസികളുടെ ജീവിതത്തെ ദുരിതത്തിലാക്കുകയാണ്. കോർപറേഷനോട് ചേര്‍ന്ന് കിടക്കുന്ന കൂട്ടിക്കട ഏറെ ജനത്തിരക്കേറിയ കവലയാണ്. നാല് ഭാഗത്ത് നിന്നെത്തുന്ന റോഡുകള്‍ സംഗമിക്കുന്നതും കൂട്ടിക്കടയിലെ വളവും കാരണം പലപ്പോഴും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
മണിക്കൂറുകളോളം റെയില്‍വേ ഗേറ്റ് അടച്ചിടുന്നതിനാല്‍ കൂട്ടിക്കടപാത നിശ്ചലമാകുന്നു. പലപ്പോഴും അമ്മാച്ചന് മുക്ക് വരെയും അരിവാള്‍ മുക്കുവരെയും പീഠിക മുക്കുവരെയും വാഹനങ്ങളുടെ നിര നീളും. ഗേറ്റിനുള്ളില്‍ വാഹനങ്ങള്‍ കുടുങ്ങുന്നത് കാരണം ഗേറ്റടയ്ക്കാന്‍ കഴിയാതെ വരുന്നതോടെ സിഗ്നല്‍ ലഭിക്കാതെ ട്രെയിനുകള്‍ നിരവധി തവണ ഗേറ്റിന് സമീപം നിറുത്തിയിടേ ണ്ടിവരുന്നതും പതിവാകുന്നു. പാതയിലൂടെ ട്രെയിന്‍ കടന്നുവരുന്നത് കണ്ട് പരിഭ്രാന്തരാകുന്ന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതും പതിവ് കാഴ്ചയാണ്. കൂട്ടിക്കടയിലെ റെയില്‍വേ സിഗ്നല്‍ സംവിധാനം മയ്യനാട് നിന്നു പരവൂരിലേക്ക് മാറ്റിയതോടെ നാലും അഞ്ചും ട്രെയിനുകള്‍ വരെ കടന്നുപോയെങ്കിലേ ഗേറ്റ് തുറക്കുന്നുള്ളൂ.
വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ നിരവധി ശ്രമങ്ങള്‍ നാട്ടുകാര്‍ നടത്തിയിട്ടുണ്ട്. ഒടുവില്‍ മേലപ്പാലത്തിന് അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവായി.
സ്ഥലം അളന്ന് മാപ്പിംഗ് പൂര്‍ത്തിയാക്കി. മേല്‍പ്പാലത്തിനായി സ്ഥലം ഏറ്റെടുത്തിട്ടും തുടര്‍ നടപടികളായില്ല. സ്ഥലമുടമകളായ വ്യാപാരികള്‍ക്ക് കച്ചവടം വിപുലീകരിക്കുന്നതിനോ മറ്റ് പ്രവൃത്തികള്‍ നടത്താനോ കഴിയാത്ത അവസ്ഥയിലായി. ഏറ്റെടുത്ത സ്ഥലത്തിന് പണവും ലഭിക്കാത്തതിനാല്‍ ഉടമകളുടെ ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്.
റെയില്‍വേ മേലപ്പാലത്തിനായി സ്ഥലം വിജ്ഞാപനം ചെയ്തതിനാല്‍ സ്ഥലം വില്ക്കാന് കഴിയാത്ത അവസ്ഥയുണ്ട്. സ്ഥലം ഏറ്റെടുത്തപ്പോള്‍ തന്നെ വീടുകള്‍ മാറി പോയവരുമുണ്ട്. ഇവര്‍ക്കൊന്നും ഇതുവരെയും ഏറ്റെടുത്ത വസ്തുവിന്റെ വില ലഭിച്ചിട്ടില്ല. വസ്തുക്കള്‍ വില്‍ക്കാനും കഴിയാത്ത സ്ഥിതിയുണ്ട്.
ഇരവിപുരം, മയ്യനാട് വില്ലേജുകളില്‍ ഉള്‍പ്പെട്ട 99.48 ആര്. സ്ഥലമാണ് മേല്‍പ്പാലത്തിനായി ഏറ്റെടുക്കുക. ഭൂമി ഏറ്റെടുക്കല്‍, പുനരധിവാസം എന്നിവയുടെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ) നേരിട്ട് സ്ഥലപരിശോധന നടത്തിയാണ് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുനരധിവാസ പുനഃസ്ഥാപന പാക്കേജ് തയാറാക്കിയത്.
ഇതുപ്രകാരം, 96,12,000 രൂപയാണ് നഷ്്ടപരിഹാര ഇനത്തില്‍ നല്‍കുക. വീട് നഷ്ടമാകുന്നവര്‍, വാണിജ്യ സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍, ചെറുകിട വ്യാപാരം ഇല്ലാതാകുന്നവര്‍, അവയില്‍ ജോലി ചെയ്തിരുന്നവര്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം വരുന്നതിന് മുമ്പ് മൂന്ന് വര്‍ഷത്തിലധികമായി ഇവിടെ തുടരുന്നവര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത.
വീട് നഷ്ടപ്പെടുന്ന 15 പേര്‍ക്ക് 4,60,000 രൂപ വീതവും വാണിജ്യ സ്ഥാപനങ്ങള്‍ നടത്തുന്ന രണ്ടുപേര്‍ക്ക് രണ്ടുലക്ഷം വീതവും ചെറുകിട വ്യാപാര സ്ഥാപനം നടത്തിവരുന്ന 17 പേര്‍ക്ക് ഒരു ലക്ഷം രൂപ വീതവും ഇവയില്‍ ജോലി ചെയ്തിരുന്ന 17 പേര്‍ക്ക് 36,000 രൂപ വീതവുമാണ് അനുവദിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പുറത്തുവന്ന കരടില്‍ നിര്‍ദേശമുണ്ടായിരുന്നത്. എല്ലാം അനിശ്ചിതാവസ്ഥയിലായതോടെ യാത്രക്കാര്‍ക്കൊപ്പം നാട്ടുകാരുടെ ജീവിതവും പ്രതിസന്ധിയിലായി.
നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭത്തിലേക്ക്
കൊട്ടിയം : കൂട്ടിക്കടയില്‍ റെയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അനിശ്ചിതമായി നീളുന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രക്ഷോഭം തുടങ്ങുന്നു. ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി സതീഷ് കുമാര്‍ - കണ്‍വീനര്‍, എസ്. ഷബീര്‍ - ചെയര്മാന്, വിജയകുമാര്‍ - ട്രഷറര്എന്നിവരെയോഗം തെരഞ്ഞെടുത്തു. കൂട്ടിക്കട നിവാസികളുടെ വര്‍ഷങ്ങള്‍ ആയിട്ടുള്ള ആവശ്യമാണ് റെയില്‍വേ മേല്‍പാലം എന്നുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.
വലിയ ഗതാഗത കുരുക്കാണ് നിലവില്‍ കൂട്ടിക്കട റെയില്‍വേ ഗേറ്റില്‍. ഗേറ്റിന്റെ വശങ്ങളിലെ ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്കും ഗേറ്റ് തടസമായി ആപത്ത് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ നാലു ദിവസം മയ്യനാട് റെയില്‍വേ ഗേറ്റ്അച്ചിട്ടപ്പോള് മണിക്കൂറുകളോളം വലിയ കുരുക്കാണ് ഉണ്ടായത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് എംപി, എംഎല്‍എ ഉള്‍പ്പടെയുള്ള അധികാരികള്‍ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും മേല്‍പ്പാലം പണിയാന്‍ ഫണ്ടു അനുവദിച്ച് പാലം യാഥാര്‍ഥ്യമാക്കണമെന്നും കൂട്ടിക്കട മസ്ജിദ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.