തീവണ്ടിയിലെ ബെഡ്ഷീറ്റുകൾ മോഷ്ടിച്ച് പെട്ടിയിലാക്കി കടത്താൻ ശ്രമിച്ച ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടിക്കപ്പെട്ടു.
ചോദ്യം ചെയ്തപ്പോൾ സ്ത്രീ നൽകിയ വിചിത്രമായ മറുപടിയും, പിടിക്കപ്പെട്ടിട്ടും യാതൊരു കുറ്റബോധവുമില്ലാതെ പെരുമാറിയ രീതിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നത്.
റെയിൽവേ പ്ലാറ്റ്ഫോമിൽ വെച്ച് യുവാവ് തന്റെ സ്യൂട്ട്കേസ് തുറക്കുമ്പോൾ, അതിനുള്ളിൽ റെയിൽവേയുടെ ഒറിജിനൽ പായ്ക്കിംഗിലുള്ള നിരവധി ബെഡ്ഷീറ്റുകൾ കാണാം. മറ്റൊരു യാത്രക്കാരൻ ഇവരെ ചോദ്യം ചെയ്തതോടെ സംഭവം വലിയ തർക്കത്തിലേക്ക് വഴിമാറുകയായിരുന്നു.
തങ്ങളിൽ നിന്ന് യാത്രയ്ക്കിടെ ടിസി അധിക തുക വാങ്ങിയെന്നും, അതിന് പകരമായാണ് ബെഡ്ഷീറ്റുകൾ എടുത്തതെന്നുമായിരുന്നു കയ്യിൽ കുട്ടിയുമായി നിന്ന സ്ത്രീയുടെ വിചിത്രമായ ന്യായീകരണം.
ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാനോ മാപ്പ് പറയാനോ തയ്യാറാകാതിരുന്ന സ്ത്രീ, സാധനങ്ങൾ തിരികെ തരുന്നുണ്ടല്ലോ എന്ന് പറഞ്ഞ് ചോദ്യം ചെയ്തയാളോട് തിരിച്ച് തട്ടിക്കയറുകയും ചെയ്തു.
തുടർന്ന് സ്യൂട്ട്കേസിൽ നിന്നുള്ള ബെഡ്ഷീറ്റുകൾ ഇവർ തിരികെ നൽകിയെങ്കിലും, ക്യാമറയ്ക്ക് മുന്നിൽ വെച്ച് ഇരുവരും ചിരിച്ചുകൊണ്ടാണ് പെരുമാറിയത്.
സംഭവം വീഡിയോയിൽ പകർത്തിയത് തടയാൻ യുവാവ് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത്തരം കാര്യങ്ങൾ ഇനി മേലിൽ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയാണ് ചോദ്യം ചെയ്തയാൾ ഇവരെ വിട്ടയച്ചത്.
ദൃശ്യങ്ങൾ എക്സിൽ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ദമ്പതികൾക്കെതിരെ ഉയരുന്നത്. കയ്യോടെ പിടികൂടിയിട്ടും ഇവർക്ക് യാതൊരു കുറ്റബോധവുമില്ലെന്നും, ഇത്തരം ആളുകളെ ജയിലിലടക്കുകയാണ് വേണ്ടതെന്നും തുടങ്ങി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഇതിനെതിരെ രോഷപ്രകടനം നടത്തുന്നത്.