മാണ്ഡ്യ: കാവേരി തർക്കം രൂക്ഷമാകുന്നതിനിടെ കർണാടക സർക്കാരിനെതിരേ ആരോപണവുമായി സംസ്ഥാന ബിജെപി നേതൃത്വം. കൃഷ്ണരാജ സാഗർ അണക്കെട്ടിൽനിന്ന് കർണാടക സർക്കാർ അർധരാത്രിയോടെ തമിഴ്നാടിന് വെള്ളം നൽകുന്നതായി ബിജെപിയും ഇതര കന്നഡ സംഘടനകളും ആരോപിക്കുകയായിരുന്നു.
കുടിവെള്ള, കൃഷി ആവശ്യങ്ങൾക്ക് ജലദൗർലഭ്യം നേരിടുമെന്ന ആശങ്കയിൽ തമിഴ്നാടിനു വെള്ളം നൽകില്ലെന്ന മുൻ നിലപാട് സർക്കാർ തിരുത്തിയെന്ന് ആരോപിച്ച ബിജെപി മാണ്ഡ്യ വക്താവ് മഞ്ജുനാഥ് അണക്കെട്ടിൽനിന്നും വെള്ളം ഒഴുക്കുന്നതിന്റെ പുതിയ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. തമിഴ്നാടിന് വെള്ളം നൽകുന്നതിനെ കുറ്റപ്പെടുത്തിയ കന്നഡ പൊതുപ്രവർത്തകൻ വട്ടൽ നാഗരാജ് തന്റെ സംഘടനയായ ചലവളി വട്ടൽ പക്ഷയുടെ നേതൃത്വത്തിൽ രണ്ടുദിവസത്തിനുള്ളിൽ കൃഷ്ണരാജ സാഗർ അണക്കെട്ട് വളയുമെന്നും പ്രഖ്യാപിച്ചു.
കാവേരി മാനേജ്മെന്റ് അഥിറിറ്റി കർണാടകയോട് തമിഴ്നാടിന് പ്രതിദിനം 12,000 ക്യൂസെക്സ് വെള്ളം നൽകാൻ നിർദേശിച്ചത് സർക്കാർ അനുസരിക്കുകയാണെന്ന് പരിഹസിച്ച മഞ്ജുനാഥ് ഇത് കർണാടക മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രി വിജയും തമ്മിലുള്ള നാടകമാണെന്നും കൂട്ടിച്ചേർത്തു.