പൂക്കോട്ടുംപാടം: കവളമുക്കട്ടയിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും കരുതലിനായി പകൽ വീടൊരുങ്ങി. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഡിഫ്രന്റ് ആർട്ട് സെന്ററിന്റെ സഹായത്തോടെ വിശ്വപ്രഭ ലൈബ്രറിക്ക് കീഴിൽ നിർമിച്ചു നൽകിയ ഭിന്നശേഷി സൗഹൃദ പകൽവീട് നാടിന് സമർപ്പിച്ചു.
ചടങ്ങിൽ പി.വി. അബ്ദുൾ വഹാബ് എംപി, കൈതപ്രം ദാമോദരൻ നന്പൂതിരി, മട്ടന്നൂർ ശങ്കരൻകുട്ടി, ഐ.എം. വിജയൻ, ദേവകിഅമ്മ, ഗോപിനാഥ് മുതുകാട് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയാണ് പകൽ വീടിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. വിശ്വപ്രഭ ലൈബ്രറിയുടെ സ്ഥാപക എക്സിക്യൂട്ടീവ് അംഗം രാമന് ഗോപിനാഥ് മുതുകാട്, ഷൈല തോമസ് എന്നിവർ താക്കോൽ കൈമാറി.
ഡിഫ്രന്റ് ആർട്ട് സെന്ററിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിർമിച്ചു നൽകുന്ന മാജിക് ഹോം ഭവന പദ്ധതിയുടെ തുടർച്ചയായാണ് ഇത്തരമൊരു പകൽവീട് വിശ്വപ്രഭ ലൈബ്രറിക്കുവേണ്ടി നിർമിച്ചു നൽകിയത്. ചടങ്ങിൽ പകൽവീട്ടിലെ കലാകായിക പരിശീലനത്തിന് മട്ടന്നൂർ ശങ്കരൻകുട്ടിയും ഐ.എം. വിജയനും തുടക്കം കുറിച്ചു.
പകൽവീട് നിർമിക്കുന്നതിന് മൂന്ന് സെന്റ് സ്ഥലം സൗജന്യമായി നൽകിയ ചെമ്മിണിക്കര വാസുദേവനെ പി.വി. അബ്ദുൾ വഹാബ് എംപി പൊന്നാട അണിയിച്ച് ആദരിച്ചു. ഡബ്ലിയുഎച്ച്ഒ ഇന്ത്യൻ നാഷണൽ പ്രഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ, ജില്ലാ ലൈബ്രറി കൗണ്സിൽ പ്രസിഡന്റ് സി. ജയപ്രകാശ്, ഡിഫ്രന്റ് ആർട്ട് സെന്റർ ഡയറക്ടർ ഷൈല തോമസ്, വിശ്വപ്രഭ ലൈബ്രറി ജോയിന്റ് സെക്രട്ടറി ശ്രീനിവാസൻ, നാഷണൽ അവാർഡ് ജേതാവ് ഫാത്തിമ അൻഷി തുടങ്ങിയവർ പങ്കെടുത്തു. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പകൽസമയം ചെലവഴിക്കുവാനും അവരുടെ കൂട്ടായ്മ കാര്യക്ഷമമാക്കുവാനുമായാണ് കവളമുട്ടയിൽ പകൽവീടിന് തുടക്കം കുറിച്ചത്. രണ്ട് വിശാലമായ ഹാളുകൾ, ഭിന്നശേഷി സൗഹൃദ ടോയ് ലെറ്റ്, അടുക്കള എന്നിവയാണ് ഈ ഇരുനില പകൽവീടിനുള്ളത്.