ന്യൂഡൽഹി: ആഭ്യന്തരവിപണിയിൽ പഞ്ചസാരവില കുത്തനെ ഉയരുന്നതു തടയാൻ നിർണായക നീക്കവുമായി കേന്ദ്രസർക്കാർ. വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിനായി പത്തു ലക്ഷം ടൺ അസംസ്കൃത പഞ്ചസാര നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകി. താരിഫ് റേറ്റ് ക്വോട്ട പ്രകാരം ഒക്ടോബർ 31 വരെയാണ് ഈ ഇളവോടെയുള്ള ഇറക്കുമതിക്ക് അനുമതിയുള്ളതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി.
പുതിയ സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് രാജ്യത്തെ പഞ്ചസാര സ്റ്റോക്കിൽ വൻ കുറവുണ്ടായതാണ് വില സർവകാല റിക്കാർഡിലേക്ക് ഉയരാൻ കാരണമായത്.
ഈ മാസം മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ ഓണം, ഗണേശ ചതുർഥി, ദസറ, ദീപാവലി തുടങ്ങിയ പ്രധാന ആഘോഷങ്ങൾ വരുന്നതിനാൽ പഞ്ചസാരയുടെ ആവശ്യകത വർധിക്കും. ഇതു വിപണിയിൽ വലിയ ക്ഷാമത്തിനും വിലക്കയറ്റത്തിനും ഇടയാക്കാതിരിക്കാനാണ് അടിയന്തരമായി ഇറക്കുമതിക്ക് അനുമതി നൽകിയത്.
വിലക്കയറ്റം പൂർണമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വൻകിട ഉപഭോക്താക്കൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാസം പത്തു ടണ്ണിലധികം പഞ്ചസാര ഉപയോഗിക്കുന്ന സ്ഥാപനങ്ങൾക്ക് പരമാവധി 15 ദിവസത്തെ ഉപഭോഗത്തിനുള്ള സ്റ്റോക്ക് മാത്രമേ കൈവശം വയ്ക്കാനാകൂ.
പെട്രോളിൽ ചേർക്കാനുള്ള എഥനോൾ നിർമാണത്തിനായി കരിന്പ് വൻതോതിൽ ഉപയോഗിക്കുന്നതിനെത്തുടർന്ന് രാജ്യത്തു പഞ്ചസാരക്ഷാമം രൂക്ഷമാണെന്നും വില കുതിച്ചുകയറുകയാണെന്നും ഇന്നലെ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു.