ന്യൂഡൽഹി: ജൂലൈ ഒന്നു മുതൽ പ്രാബല്യത്തിലാകുന്ന വിബിജി റാം ജി പദ്ധതിക്ക് കേന്ദ്രവിഹിതമായി കേരളത്തിനു ലഭിക്കുക 3136.44 കോടി രൂപ.
പദ്ധതിപ്രകാരം വിവിധ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതമായി 95,692 കോടി രൂപ നീക്കിവച്ചതായി സംസ്ഥാന ഗ്രാമവികസന മന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈൻ യോഗത്തിൽ കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. ഏറ്റവും കൂടുതൽ തുക ലഭിക്കുന്നത് ഉത്തർപ്രദേശിനാണ്. 9721.48 കോടി രൂപ.
ആന്ധ്രപ്രദേശ് 7,707.21, തമിഴ്നാട് 7,585.49, രാജസ്ഥാൻ 7,581.87, ബിഹാർ 6,715.83, മധ്യപ്രദേശ് 6252.03, കർണാടക 5,709.09, മഹാരാഷ്ട്ര 4,420.32, തെലുങ്കാന 3,825.31 കോടി രൂപ എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
കൂടാതെ, കേന്ദ്രഭരണനിർവഹണത്തിനും സോഷ്യൽ ഓഡിറ്റിംഗിനുമായി 1,850.62 കോടി രൂപ കൂടി നീക്കിവച്ചതായും ഗ്രാമവികസന മന്ത്രാലയം വ്യക്തമാക്കി. പദ്ധതി പ്രകാരം 40 ശതമാനം ചെലവ് വഹിക്കേണ്ടത് സംസ്ഥാന സർക്കാരുകളാണ്. 60 ശതമാനമാണ് കേന്ദ്ര വിഹിതമായി ലഭിക്കുക.
നിലവിൽ ജാർഖണ്ഡ്, കർണാടക, തെലുങ്കാന, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങൾ മാത്രമാണ് പുതിയ പദ്ധതിയിലേക്കു മാറാനുള്ള നടപടികൾ പൂർത്തിയാക്കാനുള്ളത്.
യുപിഎ സർക്കാരിന്റെ അഭിമാന പദ്ധതിയായിരുന്ന മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്കു പകരം ബിജെപി സർക്കാർ 2025 ഡിസംബറിലാണ് ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ വിബിജി റാം ജി പദ്ധതി പാർലമെന്റിൽ പാസാക്കുന്നത്. അടുത്ത മാസം ആദ്യംമുതൽ നടപ്പാക്കേണ്ട പദ്ധതിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ അവസാനഘട്ടത്തിലാണ്.
പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നതുവരെ നിലവിലെ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിൽ നൽകുന്നതിലോ ശന്പളം വിതരണം ചെയ്യുന്നതിലോ താമസം വരുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി കേന്ദ്രസർക്കാർ അറിയിച്ചു.