ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും പുതിയ തൊഴിലുറപ്പ് പദ്ധതിയായ 'വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമിൻ'ലേക്ക് സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടക്കാല ഫണ്ട് വിഹിതം പ്രഖ്യാപിച്ചു. പുതിയ പദ്ധതിക്കായി 95,962 കോടി രൂപയുടെ കേന്ദ്ര വിഹിതമാണ് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ചട്ടങ്ങൾ ഔദ്യോഗികമായി രൂപീകരിക്കുന്നതിന് മുന്നോടിയായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര വിഹിതത്തിന് പുറമേ സംസ്ഥാന സർക്കാരുകൾ തങ്ങളുടെ വിഹിതമായി 40 ശതമാനം തുക കൂടി ഇതിലേക്ക് കണ്ടെത്തേണ്ടതുണ്ട്. സംസ്ഥാനങ്ങളുടെ വിഹിതം കൂടി ചേരുമ്പോൾ പദ്ധതിയുടെ ആകെ അടങ്കൽ തുക 1.51 ലക്ഷം കോടി രൂപയായി ഉയരും.
ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾക്കാണ് പുതിയ പദ്ധതിയിൽ ഏറ്റവും ഉയർന്ന വിഹിതം ലഭിച്ചിരിക്കുന്നത്. പുതിയ മാറ്റങ്ങൾ വഴി ഒരു സംസ്ഥാനത്തിനും നിലവിലുള്ള ഫണ്ടിൽ കുറവുണ്ടാകില്ലെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ഉറപ്പുനൽകി.
Tags : VBGRAMG Central Allocation Latest News