കോഴിക്കോട്: മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കളുള്ള വികസിത് ഭാരത്-ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന് (വിബി ജി റാം ജി) പദ്ധതിയിലെ തൊഴിലാളികള്‍ക്കു ദിനചര്യയിലും ജോലിസമയത്തിലും ഇളവുകള്‍.
തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, നിലവിലുള്ള തൊഴില്സമയമായ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള ക്രമീകരണത്തില്‍ രാവിലെ അര മണിക്കൂറും വൈകുന്നേരം അര മണിക്കൂറും ഇളവ് ലഭിക്കും.
ഹൈക്കോടതി വിധി
ആലപ്പുഴ ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളിയായ വി.ടി. ഗീത മാനസിക വെല്ലുവിളികള്‍ നേരിടുന്ന തന്റെ മകളെ പരിചരിക്കുന്നതിനായി പ്രവൃത്തി സമയത്തില്‍ 30 മിനിറ്റ് ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന് ഡയറക്ടര്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി നടത്തിയ ആശയ വിനിമയത്തിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ തൊഴില്‍സമയം പുനഃക്രമീകരിക്കാന്‍ കഴിയൂ.
തൊഴിലുറപ്പു പദ്ധതിക്കു പകരം വന്ന പുതിയ വിബി ജി റാംജി പദ്ധതിയിലും സമാനമായ തൊഴില്നിയമങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി, മാനുഷിക പരിഗണന മുന്‍നിർത്തി സംസ്ഥാന തൊഴിലുറപ്പു മിഷന് ഡയറക്ടര്‍ നല്കിയ കത്തിനു കേന്ദ്രം അനുകൂല മറുപടി നല്‍കുകയായിരുന്നു.