തൃശൂർ: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സൗത്ത് സോണ്‍ കൾച്ചറൽ സെന്റർ പുലിക്കളി സംഘങ്ങൾക്ക് നൽകിവരുന്ന സാന്പത്തിക സഹായം ഈ വർഷവും തുടരും. പുലിക്കളി എല്ലാ സംഘങ്ങൾക്കും ഒരുലക്ഷം രൂപയുടെ ധനസഹായം നൽകാനാണ് തീരുമാനം. പുലിക്കളി സംഘങ്ങൾ നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധിക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് കഴിഞ്ഞ മൂന്നു വർഷമായി ഈ സഹായം നൽകിവരുന്നത്.
29ന് നടക്കുന്ന പുലിക്കളിയിൽ പങ്കെടുക്കാൻ ഒന്‍പത് ടീമുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സെന്റർ ഡയറക്ടർ കെ.കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ആവശ്യമായ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക്, പുലിക്കളി അരങ്ങേറിയതിന് ശേഷമുള്ള പത്തുദിവസത്തിനകം പുലിക്കളിസംഘം നേതാക്കളുടെയോ, ഗുണഭോക്താക്കളുടെയോ ബാങ്ക് അക്കൗണ്ടുകളിലേക്ക് സാന്പത്തിക സഹായം നേരിട്ടു നിക്ഷേപിക്കും.
ധനസഹായമെന്ന നിലയിൽ ഈ വർഷം പങ്കെടുക്കുന്ന ഓരോ ടീമിനും 3.5 ലക്ഷം രൂപ വീതം നൽകാൻ തൃശൂർ കോർപറേഷൻ തീരുമാനിച്ചതായി ഡെപ്യൂട്ടി മേയർ എ. പ്രസാദ് അറിയിച്ചതായി പുലിക്കളി സംഘം ഭാരവാഹികൾ പറഞ്ഞു. ടൂറിസം വകുപ്പ് ഓരോ ടീമിനും 50,000 രൂപ വീതമാണ് നൽകിയിരുന്നത്. തുക വർധിപ്പിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് ഉറപ്പുനൽകിയിട്ടുണ്ടെന്ന് പുലിക്കളി സംഘാടക സമിതി സെക്രട്ടറി കെ. കേശവദാസ് പറഞ്ഞു. തുക രണ്ടുലക്ഷം രൂപയാക്കി വർധിപ്പിക്കുമെന്നാണ് പുലിക്കളി സംഘങ്ങൾ പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ടൂറിസം വകുപ്പിൽ നിന്ന് സ്പോണ്‍സർഷിപ് വകയിൽ ഓരോ സംഘത്തിനും മൂന്നുലക്ഷം രൂപ നൽകുമെന്ന് കഴിഞ്ഞ വർഷം കേന്ദ്രമന്ത്രി സുരേഷ്ഗോപി വാഗ്ദാനം ചെയ്തിരുന്നെങ്കിലും തുക ലഭ്യമായിരുന്നില്ല. കൃത്യമായ രേഖകൾ സമർപ്പിക്കുന്നതിൽ ജില്ലാ കളക്ടർ അടക്കം വീഴ്ച വരുത്തിയതാണ് തുക ലഭിക്കാത്തതിനു കാരണമെന്ന് സുരേഷ്ഗോപി വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് രേഖകളെല്ലാം ഉൾപ്പെടുത്തി വീണ്ടും അപേക്ഷ നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറയുന്നു.