പുനെ-നാസിക് ദേശീയപാതയിലെ ചകാനിൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിന് നേരെ ആക്രമണം. ബസ് ഓവർടേക്ക് ചെയ്തതിലുള്ള ദേഷ്യത്തിൽ ഡ്രൈവറെ മർദിക്കുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ചക്കാൻ സൗത്ത് പൊലിസ് സ്റ്റേഷൻ അതിർത്തിയിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
നാസിക് ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് രണ്ട് ഇരുചക്രവാഹനങ്ങളെ മറികടന്നതാണ് ആക്രമികൾ പ്രകോപിതരാകാൻ കാരണം. രോഷാകുലരായ ഇരുവരും ബസിനെ പിന്തുടർന്ന് ദേശീയപാതയിൽ വച്ച് വാഹനം തടയുകയായിരുന്നു. ഡ്രൈവറെ ക്രൂരമായി മർദിച്ച അക്രമികൾ ബസിന്റെ നിയന്ത്രണം കൈക്കലാക്കാൻ ശ്രമിക്കുകയും യാത്രക്കാരെ ഭയപ്പെടുത്തുകയും ചെയ്തു.
ദീപാവലി ആഘോഷങ്ങൾക്കായി നാട്ടിലേക്ക് മടങ്ങുകയായിരുന്ന നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അക്രമികളോട് തങ്ങളെ പോകാൻ അനുവദിക്കണമെന്ന് യാത്രക്കാർ അഭ്യർഥിച്ചെങ്കിലും ഇരുവരും അത് ചെവിക്കൊണ്ടില്ല. തുടർന്ന് ഭയന്നുപോയ യാത്രക്കാർ മറ്റ് വാഹനങ്ങൾ ക്രമീകരിച്ചാണ് ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. പിന്നീട് തടസം നീങ്ങി ബസ് യാത്ര പുനരാരംഭിച്ചെങ്കിലും ഏറെ വൈകിയാണ് സർവീസ് പൂർത്തിയാക്കാനായത്.
സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇരുവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ചക്കാൻ സൗത്ത് പൊലിസ് സ്റ്റേഷൻ സീനിയർ പൊലിസ് ഇൻസ്പെക്ടർ സഞ്ജയ് സാലുങ്കെ സ്ഥിരീകരിച്ചു. പ്രതികൾക്കെതിരെ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്ത് കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡിൽ ബസ് തടഞ്ഞുനിർത്തി അക്രമം അഴിച്ചുവിടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.