പേരൂർക്കട: തിരുവനന്തപുരം സിറ്റി പൊലിസിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചാല മാർക്കറ്റിലെ പച്ചക്കറി കടയുടെ മറവിൽ നിരോധിത പുകയില ഉത്പന്നങ്ങൾ ശേഖരിച്ച് സമീപപ്രദേശത്തെ സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചു വിൽപ്പന നടത്തിവന്ന സംഘമാണ് പിടിയിലായത്.
ഫോർട്ട് സിഐ ആർ.എസ്. ശ്രീകാന്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. ജോസ്ബിൻ രാജ്, സീനിയർ സിവിൽ പൊലിസ് ഓഫീസർമാരായ ശരത്, അജീഷ് എന്നിവരുടെ നേതൃത്വത്തിൽ ചാലയിൽ നടത്തിയ തെരച്ചിലിൽ ആറു ചാക്കോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. ആസാം സ്വദേശികളായ റൗസുൽ ഇസ്ലാം, മുജീബ് റഹ്മാൻ, രാമാനുജ എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തു. ഇതര സംസ്ഥാനങ്ങളിൽനിന്നു കേരളത്തിലേക്കു ലഹരിപദാർത്ഥങ്ങൾ നടത്തുന്ന സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി ഫോർട്ട് പൊലിസ് അറിയിച്ചു.
ഇതര സംസ്ഥാനങ്ങളിൽനിന്നു ട്രെയിനുകൾ വഴി ചാക്കുകളിലാക്കിയ ലഹരിപദാർഥങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും അതിനുശേഷം തിരുവനന്തപുരത്തെത്തിച്ചശേഷം ചില്ലറ വില്പന നടത്തുകയാണ് സംഘത്തിന്റെ രീതിയെന്നും പൊലിസ് അറിയിച്ചു. ഇതിനുവേണ്ടി ഇവർ വീടുകൾ വാടകയ്ക്ക് എടുക്കാറുണ്ടെന്നും ഇത്തരത്തിലുള്ള വീടുകൾ കേന്ദ്രീകരിച്ചു അന്വേഷിച്ചു നടത്തിവരികയാണെന്നും പൊലിസ് വ്യക്തമാക്കി.