തിരുവനന്തപുരം: ചാലയിലെ ജ്വല്ലറി കവർച്ചയിൽ പ്രതികളുടെ സാന്പത്തിക സ്രോതസിനെ കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. കേസിലെ പ്രധാന പ്രതി അമുലാണ് മറ്റു പ്രതികൾക്ക് പണം നൽകിയത്.
എല്ലാ പ്രതികളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കവർച്ച ചെയ്തെടുക്കുന്ന സ്വർണം അഞ്ചായി പകുത്തെടുക്കാനായിരുന്നു പ്രതികളുടെ പദ്ധതി. എന്നാൽ അതെല്ലാം പാളുകയായിരുന്നു. കേസിലെ മുഖ്യസൂത്രധാരനെന്നു പൊലിസ് സംശയിക്കുന്ന ജയറാമിനെക്കുറിച്ചു വിശദമായ അന്വേഷണമാണ് പൊലിസ് സംഘം നടത്തുന്നത്.
നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായ ജയറാമിനെ പുതിയ തട്ടിപ്പ് കേസിൽ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാൾ റിമാൻഡിലാണ്. സ്വർണക്കവർച്ചാ കേസിൽ ഇയാളുടെ പങ്കിനു ശക്തമായ തെളിവു ലഭിച്ചാലുടൻ പ്രതിയാക്കാനാണ് പൊലിസിന്റെ നീക്കം. ചാലയിലെ വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിനെ കവർച്ച ചെയ്തു രണ്ടു കിലോ സ്വർണം അപഹരിക്കാൻ ആസൂത്രണം ചെയ്തതിനു പിന്നിൽ പൊലിസ് ജയറാമിനെ സംശയിക്കുന്നുണ്ട്.
ജയറാമിനെതിരേ പലവിധത്തിലുള്ള പരാതികളും ഓരോ ദിവസവും ഫോർട്ട് പൊലിസിനു ലഭിച്ചു കൊണ്ടിരിക്കുകയാണ്. സിറ്റി പൊലിസ് കമ്മീഷണർ അരുൾ ബി. കൃഷ്ണയുടെ മേൽനോട്ടത്തിൽ ഫോർട്ട് എസ് എച്ച്ഒ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിച്ചുകൊണ്ടി രിക്കുന്നത്. അറസ്റ്റിലായ പ്രതികളെയെല്ലാവരെയും കോടതി റിമാൻഡ് ചെയ്തു.