കോഴഞ്ചേരി: തിരുവല്ല-കുമ്പഴ സംസ്ഥാന പാതയിലെ പുല്ലാട് -ചാലായിക്കര ഭാഗത്ത് വാഹനാപകടങ്ങള്‍ നിത്യസംഭവമാകുന്നു. നീളമേറിയ നേരായ റോഡും തടസങ്ങളില്ലാത്ത മികച്ച ടാറിംഗുമാണ് ഡ്രൈവര്‍മാരെ അമിതവേഗതയിലേക്ക് നയിക്കുന്നത്. എന്നാല്‍, ആവശ്യമായ സുരക്ഷാ മുന്‍കരുതലുകളോ വേഗത നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തത് പ്രദേശം അപകട മേഖലയാക്കി മാറ്റുകയാണ്.
പ്രധാന റോഡിലേക്ക് എത്തുന്ന ഉപറോഡുകളില്‍ നിന്നുമുള്ള വാഹനങ്ങളും അമിതവേഗതയില്‍ വരുന്ന വാഹനങ്ങളും കൂട്ടിയിടിച്ചാണ് ഇവിടെ ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത കച്ചവടങ്ങളും അപകടങ്ങള്‍ക്ക് കാരണമാകുന്നു. രാത്രികാലങ്ങളിലാണ് അപകടസാധ്യത കൂടുതല്‍. റോഡില്‍ സിസിടിവി കാമറകളോ വേഗം അളക്കുന്ന എഐ കാമറകളോ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ നിയമലംഘകര്‍ എളുപ്പത്തില്‍ രക്ഷപെടുകയാണ്.
നിരീക്ഷണ കാമറകള്‍, സ്പീഡ് ബ്രേക്കറുകള്‍ അല്ലെങ്കില്‍ ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍, റിഫ്ളക്ടറുകള്‍ എന്നിവ ഒന്നുംതന്നെ റോഡില്‍ സ്ഥാപിച്ചിട്ടില്ല. ജീവനും സ്വത്തിനും ഭീഷണിയായി മാറിയ ഈ റോഡില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലിസും അടിയന്തരമായി ഇടപെട്ട് വേഗ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ പായുന്നത്. വഴിവിളക്കുകള്‍ കത്താതിരിക്കുന്നതും തെരുവുനായ്ക്കളുടെ ശല്യവും അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡിന്റെ ഇരുവശങ്ങളും പുല്ലുകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതോടെ റോഡിന്റെ വീതിയും കുറഞ്ഞു. അനധികൃതമായ പാര്‍ക്കിംഗും അപകടങ്ങള്‍ക്ക് ഇടയാക്കുന്നു.