ചന്ദ്രപുർ: ചാന്ദാ കത്തോലിക്കാ രൂപതയുടെ നേതൃത്വത്തിൽ മഹത്തായ ലോകസമാധാന റാലി ശനിയാഴ്ച ചന്ദ്രപുർ ജില്ലയിലെ ബല്ലാർപുരിൽ സംഘടിപ്പിച്ചു.
ചന്ദ്രപുർ, ഗഡ്ചിരോളി, വർധാ ജില്ലകളിലെ കത്തോലിക്കാ സമൂഹത്തിൽപ്പെട്ട നൂറുകണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു. വൈദികർ, യുവജനങ്ങൾ, വിദ്യാർഥികൾ തുടങ്ങി നിരവധി പേർ റാലിയിൽ അണിനിരന്നു.
നഗരത്തിലെ പ്രധാന വീഥികളിലൂടെ സമാധാന സന്ദേശങ്ങളുമായി നീങ്ങിയ റാലി ദിലാസാഗ്രാം സ്കൂളിൽ സമാപിച്ചു.
സമാധാനം എന്നത് സാമൂഹികവും മതപരവും സാംസ്കാരികവുമായ ഭിന്നതകൾക്കിടയിൽ സൗഹൃദത്തിന്റെ പാലങ്ങൾ പണിയാനുള്ള സജീവമായ പ്രതിബദ്ധതയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ചാന്ദാ രൂപതാധ്യക്ഷൻ മാർ എഫ്രേം നരിക്കുളം പറഞ്ഞു.
ബല്ലാർപുർ പൊലിസ് ഇൻസ്പെക്ടർ വിപിൻ ഇംഗളെ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കല്യാൺ അതിരൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചാന്ദാ രൂപതാധ്യക്ഷൻ മാർ എഫ്രേം നരിക്കുളം, ബെൽത്തങ്ങാടി രൂപതാധ്യക്ഷൻ മാർ ജെയിംസ് പാറ്റേറിൽ സിഎംഎഫ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.