മുംബൈ: ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ച നടപടി കമ്പനിയുടെ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുതന്നെയാണെന്നു വ്യക്തമാക്കി ടാറ്റാ സൺസ്. ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരേ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ ഉയർത്തിയ തടസവാദങ്ങൾ തള്ളിക്കൊണ്ടാണ് ടാറ്റാ സൺസ് നിലപാട് വ്യക്തമാക്കിയത്.
അഞ്ചു വർഷത്തേക്കുകൂടി ചന്ദ്രശേഖരനെ ചെയർമാനായി തുടരാൻ അനുവദിച്ച ബോർഡ് തീരുമാനം നിയമപരമായി നിലനിൽക്കുന്നതാണെന്നു വ്യക്തമാക്കി ടാറ്റ സൺസ് നോയൽ ടാറ്റയ്ക്ക് കത്തയച്ചു. സുപ്രീംകോടതി മുൻ ജഡ്ജിമാർ ഉൾപ്പടെയുള്ള നിയമവിദഗ്ധരുടെ ഉപദേശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടാറ്റാ സൺസ് തങ്ങളുടെ നടപടിയെ ന്യായീകരിക്കുന്നത്. ടാറ്റാ സൺസ് നൽകിയ മറുപടിക്കത്ത് നിലവിൽ ടാറ്റാ ട്രസ്റ്റ്സിന്റെ ലീഗൽ ടീം പരിശോധിച്ചുവരികയാണ്.
തർക്കത്തിനു പിന്നിലെ കാരണം
ടാറ്റ സൺസിൽ 66 ശതമാനത്തോളം ഓഹരി പങ്കാളിത്തമുള്ള ടാറ്റാ ട്രസ്റ്റ്സിന്റെ തലവനാണ് നോയൽ ടാറ്റ. ടാറ്റ സൺസ് ബോർഡിലെ ട്രസ്റ്റ് നാമനിർദേശം ചെയ്ത ഡയറക്ടർമാരുടെ ഭൂരിപക്ഷ പിന്തുണ ലഭിച്ചാൽ മാത്രമേ ചെയർമാന്റെ പുനർനിയമനം സാധുവാകൂവെന്നാണ് നോയൽ ടാറ്റയുടെ വാദം. എന്നാൽ, കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ അനുസരിച്ച് ബോർഡ് എടുത്ത തീരുമാനം പൂർണമായും നിയമവിധേയമാണെന്ന് ടാറ്റ സൺസ് വ്യക്തമാക്കുന്നു.
കൂടാതെ, ടാറ്റ ട്രസ്റ്റ്സിന്റെ പ്രതിനിധികൾക്കിടയിൽത്തന്നെ ഈ വിഷയത്തിൽ ഭിന്നതയുണ്ട്. നോയൽ ടാറ്റ ചന്ദ്രശേഖരന്റെ തുടർച്ചയെ എതിർത്തപ്പോൾ, ട്രസ്റ്റ്സിന്റെ മറ്റൊരു പ്രതിനിധിയായ വേണു ശ്രീനിവാസൻ പുനർനിയമനത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. കമ്പനിയുടെ മൂന്നിൽ രണ്ട് ഓഹരിയുള്ള പ്രധാന ഉടമസ്ഥർ ബോർഡ് തീരുമാനത്തെ ചോദ്യം ചെയ്യുകയും ബോർഡ് അതു നിയമപരമായി ശരിയാണെന്ന് വാദിക്കുകയും ചെയ്യുന്ന അപൂർവമായ പ്രതിസന്ധിക്കാണ് ടാറ്റാ ഗ്രൂപ്പ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.
നേതൃത്വ തർക്കത്തിനുപുറമെ കമ്പനിയുടെ ഭരണനിയന്ത്രണം, വോട്ടിംഗ് അവകാശങ്ങൾ, ഐപിഒ വഴി കമ്പനിയെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ എന്നിവയെച്ചൊല്ലിയും ഭിന്നത രൂക്ഷമാണ്.