കൊച്ചി: മതബോധനരംഗത്തു തനതായ സംഭാവനകള്‍ നൽകുന്നവര്ക്കായി ഏര്‍പ്പെടുത്തിയ കെസിബിസിയുടെ മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മതബോധനരംഗത്തു ശ്രദ്ധേയ സേവനം ചെയ്ത ഫാ. മാത്യു നടയ്ക്കലിന്റെ ഓര്‍മയ്ക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിട്ടുള്ളത്.
സീറോമലബാര്‍ സഭയില്‍നിന്ന് കോതമംഗലം രൂപതയിലെ വാഴക്കുളം സെന്റ് ജോര്‍ജ് ഇടവകാംഗം രാജീവ് ജോസഫ്, സീറോമലങ്കര സഭയില്‍നിന്നു മാവേലിക്കര രൂപതയിലെ കൈതക്കോട് സെന്റ് ജോര്‍ജ് ഇടവകാംഗം റോസമ്മ ഗീവറുഗീസ്, ലത്തീന്‍ സഭയില്‍നിന്നു വരാപ്പുഴ അതിരൂപതയിലെ പോണേക്കര സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഇടവകാംഗം ഡോ. കെ.ജെ. ഗ്രിഗറി പോള്‍ എന്നിവർക്കാണു പുരസ്കാരങ്ങൾ.
മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ 30ന് നടക്കുന്ന മതാധ്യാപക സംഗമത്തില്‍ ബിഷപ് മാത്യു മാര്‍ പോളികാര്പസ് അവാര്‍ഡുകള്‍ നൽകും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. പാസ്റ്ററല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണില്‍, മാവേലിക്കര രൂപത മതബോധന ഡയറക്ടര്‍ ഫാ. കുര്യാക്കോസ് തിരുവാലില്‍ എന്നിവര്‍ പ്രസംഗിക്കും.