ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കെട്ടിടദുരന്തം. ഡൽഹി ചൗരി ബസാറിൽ നിർമാണത്തിലിരുന്ന മൂന്നുനിലക്കെട്ടിടം തകർന്നുവീണ് രണ്ടു പേർ മരിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന സംശയത്തിൽ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കെട്ടിടത്തിനു മുകളിൽ കോൺക്രീറ്റ് സ്ലാബ് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. വിവരമറിഞ്ഞ ഉടൻതന്നെ ആറു യൂണിറ്റ് അഗ്നിരക്ഷാസേനയും പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
അപകടത്തെത്തുടർന്ന് നിർമാണച്ചുമതലയുണ്ടായിരുന്ന ജൂനിയർ എൻജിനിയറെയും അസി. എൻജിനിയറെയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, കരാറുകാരനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.
രണ്ടു മാസം മുന്പ് ഡൽഹിയിലെ സത്യനികേതനിൽ അഞ്ചുനിലക്കെട്ടിടം തകർന്നുവീണ് ഏഴുപേർ മരിച്ചിരുന്നു. ഇതിനുപിന്നാലെ ദിൽഷാദ് ഗാർഡനു സമീപം പഴയ കെട്ടിടം തകർന്ന് പാലക്കാട് സ്വദേശി മരിച്ച സംഭവവുമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് തലസ്ഥാനത്തെ നടുക്കി വീണ്ടും കെട്ടിടദുരന്തമുണ്ടാകുന്നത്.